ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്നു. മൂന്ന് ജില്ലകളിലെ ക്യാംപുകളിലേക്കാണ് മുഖ്യമന്ത്രി ഇന്നെത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമുണ്ട്.
തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററില്‍ ആദ്യം ചെങ്ങന്നൂരിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജിലെ ക്യാംപില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് കോഴഞ്ചേരിയിലാണ് മുഖ്യമന്ത്രി എത്തിയത്.
തുടര്‍ന്ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി ജില്ലയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച കുട്ടനാട്ടിലെ ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപിലെത്തും. ഇവിടെ നിന്ന് നോര്‍ത്ത് പറവൂരിലെ ഗ്രിഗോറിയോസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകളില്‍ സന്ദര്‍ശനം നടത്തും.
സന്ദര്‍ശനം പൂര്‍ത്തിയാക്കി രണ്ടുമണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകിട്ട് പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേരും. തുടര്‍ന്ന് മാധ്യമങ്ങളെ കാണും.
പ്രളയത്തെ തുടര്‍ന്ന് ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ അരി മുതല്‍ തുണി വരെയുളള സഹായങ്ങള്‍ നല്‍കും. 22 ഇനം വസ്തുക്കള്‍ അടങ്ങിയ കിറ്റാണ് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ലഭിക്കുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.