അഭിമന്യുവിന്റെ വധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി; ‘കൊലചെയ്തത് തീവ്രവാദ സ്വഭാവമുള്ളവര്‍,

9

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായത്.

കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണം.

Advertisements

പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സര്‍ക്കാര്‍ കര്‍ശനമായി നേരിടും. ക്യാമ്പസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചു കയറാന്‍ നോക്കിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്നു പിടിച്ചു നിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരിച്ചു. അര്‍ജുന്‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്.

Advertisement