കൊച്ചി: വൈദികര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഫാ.എബ്രഹാം വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.അതേസമയം തിരുവല്ല കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
ലൈംഗിക അപവാദക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്.
നിരണം, തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി സത്യവാങ്മൂലം നല്‍കിയിരുന്നു. യുവതിയുടെ ഭര്‍ത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്ക് നല്‍കിയ പരാതിയോടൊപ്പമാണ് സത്യവാങ്മൂലം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോപണവിധേയരായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് സഭ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.