കളിയുടെ നിയമങ്ങളെ ബഹുമാനിക്കണം; ധോണിക്കെതിരെ ഫുട്‌ബോൾ താരം ബൈച്ചുങ് ബൂട്ടിയ

21

ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിച്ച സംഭവത്തിൽ വിമർശനവുമായി ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ.

കളിയുടെ നിയമങ്ങൾ പാലിക്കാൻ ഒരു താരത്തിന് ബാധ്യതയുണ്ടെന്ന് ബൂട്ടിയ പറഞ്ഞു. മറ്റു കാര്യങ്ങളെ എല്ലാം മാറ്റി നിർത്തി സ്‌പോർട്‌സിനെ ബഹുമാനിക്കണം.

Advertisements

കളിയുടെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എതിരാണെങ്കിൽ ബലിദാൻ ബാഡ്ജ് ധോണി മാറ്റണമെന്നും ബൂട്ടിയ വ്യക്തമാക്കി.

നേരത്തെ, ബലിദാൻ ബാഡ്ജ് ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു .

ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളിൽ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നും ബിസിസിഐക്ക് നൽകിയ മറുപടി കത്തിൽ ഐസിസി വ്യക്തമാക്കി.

ഗ്ലൗസിൽ നിന്ന് ബലിദാൻ ബാഡ്ജ് മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീൽ നൽകി. ഈ അപ്പീൽ തള്ളിയാണ് ഐസിസി മറുപടി നൽകിയത്.

പാരാ റെജിമെന്റിൽ 2011ൽ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

ആർമിയിൽ ചേരാനുള്ള തൻറെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി.

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെൻറിൻറെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്.

പാരാ റെജിമെന്റിൽ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നൽകിയാണ് ഇന്ത്യൻ ആരാധകർ വരവേറ്റത്.

Advertisement