കോട്ടയം : സംസ്ഥാനത്തെ അനിശ്ചിതകാല ബസ് സമരവുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി. നഗരത്തില്‍ സിറ്റി സര്‍വ്വീസ് നടത്തുന്ന ബസുകളാണ് തിങ്കളാഴ്ച രാവിലെ മുതല്‍ നിരത്തിലിറങ്ങിയത്. കഴിഞ്ഞദിവസം കോഴിക്കോട് വച്ച് ബസുടമകള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല.
മിനിമം ചാര്‍ജ് വര്‍ദ്ധനവ് വേണ്ടെന്ന് വച്ച ബസുടമകള്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ സമരം പിന്‍വലിക്കാമെന്ന് മന്ത്രിയെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യവും മന്ത്രി അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്. അതിനിടെ, കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ ബസുടമകള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. വ്യത്യസ്ത സംഘടനകളില്‍പ്പെട്ട ബസുടമകള്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത്.