കൊച്ചി: അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽനിന്നും സസ്പെൻഡ് ചെയ്തു. അറസ്റ്റിലായതിനു പിന്നാലെയാണ് രഹനയെ ബിഎസ്എൻഎൽ സസ്പെൻഡ് ചെയ്തത്. ബിഎസ്എൻഎലില്‍ ടെലികോം ടെക്നീഷ്യനായിരുന്നു രഹന.
നേരത്തെ, ശബരിമല ദര്‍ശനത്തിന് എത്തി വിവാദത്തില്‍പ്പെട്ടപ്പോള്‍ ഇവരെ രവിപുരം ബ്രാഞ്ചില്‍നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിൽനിന്നും അറസ്റ്റിലായ രഹനയെ പോലീസ് പത്തനംതിട്ടയിലെത്തിച്ചു.
ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് പിന്നാലെ മലചവിട്ടാൻ എത്തിയതോടെയാണ് രഹന വാർത്തകളിൽ നിറഞ്ഞത്. പോലീസ് സുരക്ഷയിൽ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ രഹന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജാമ്യഹർജിയെ പോലീസ് ശക്തമായി എതിർത്തതോടെ ഹൈക്കോടതി അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.