ആര്യനാട്: വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട വധു ആത്മഹത്യാ ഭീഷണി മുഴക്കിയതും കാമുകനൊപ്പം പോകണമെന്ന് വാശിപിടിച്ചതും വരനെയും വീട്ടുകാരെയും വെട്ടിലാക്കി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് കാമുകനും ബന്ധുക്കളും പൊലീസ് സ്‌റ്റേഷനില്‍ വച്ച് സമ്മതിച്ചു.
ആര്യനാട് പറണ്ടോട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസിയും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. വരന്റെ വീട്ടിലെത്തി ആര്‍ഭാടപൂര്‍വം വിവാഹ സല്‍ക്കാരവും നടത്തി. തുടര്‍ന്ന് രാത്രിയോടെ യുവതിയുടെ മട്ടുമാറി. വിവാഹം കഴിച്ച പ്രവാസിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും പനവൂര്‍ സ്വദേശിയായ കാമുകനൊപ്പമേ ജീവിക്കുകയുള്ളൂവെന്നും നിലപാടെടുത്തു.
ഇതിനിടയില്‍ ബ്ലേഡ് ഉപയോഗിച്ച് ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതോടെ യുവാവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്‌റ്റേഷനിലും വിവരം അറിയിച്ചു. പൊലീസ് സ്‌റ്റേഷനില്‍ വച്ച് യുവതിയുടെ ബന്ധുക്കള്‍ യുവാവിന് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഇതോടെ ഒരു വശത്തെ പ്രശ്‌നം അവസാനിച്ചു. തുടര്‍ന്ന് യുവതി കാമുകനെതിരെ നല്‍കിയ പരാതി അരുവിക്കര പൊലീസ് ആര്യനാട് പൊലീസിന് കൈമാറി.
ആര്യനാട് പൊലീസ് കാമുകനെ വിളിച്ചുവരുത്തി യുവതിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ഒടുവില്‍ കാമുകനെതിരെയുള്ള ചില തെളിവുകള്‍ യുവതി പൊലീസിന് കൈമാറി. തുടര്‍ന്നാണ് കാമുകന്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചത്. എന്നാല്‍ കാമുകന് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹം കഴിക്കാമെന്ന ധാരണയില്‍ ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടു.