പാര്‍ട്ടിയിലെ ഉന്നതന്‍ ഉപദ്രവിക്കുന്നു, നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി വനിതാ എം.എല്‍.എ

12

ഭോപ്പാല്‍: തന്നെയും കുടുംബത്തെയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച്‌ മദ്ധ്യപ്രദേശ് നിയമസഭയില്‍ വനിതാ എം.എല്‍.എ നിയമസഭയില്‍ വിങ്ങിപ്പൊട്ടി. മുതിര്‍ന്ന നേതാവിന്റെ സ്വാധീനത്തിന് വഴങ്ങി തന്റെ പേരില്‍ പൊലീസ് കള്ളക്കേസുകള്‍ എടുക്കുകയാണെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും നിയമസഭയില്‍ ബി.ജെ.പി നിയമസഭാംഗമായ നീലം അഭയ് മിശ്ര ആവശ്യപ്പെട്ടു. ഇനി മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് നീലം വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ നീലം അഭയ് ശര്‍മയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയിലെ ഒരു അംഗത്തിന് പോലും സംരക്ഷണമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. വിഷയത്തില്‍ ഇടപെട്ട സ്‌പീക്കര്‍ സീതാശരന്‍ ശര്‍മ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു. നീലം അഭയ് ശര്‍മയ്‌ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിഷയത്തെക്കുറിച്ച്‌ സംസ്ഥാന പൊലീസ് മേധാവിയോട് സംസാരിക്കാമെന്നും വ്യാജപരാതികളില്‍ കേസെടുക്കരുതെന്ന് നിര്‍ദ്ദേശിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisements

എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ സാമാജികര്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. ബി.ജെ.പിയുടെ ദുര്‍ഭരണം നാണക്കേടാണെന്ന മുദ്രാവാക്യം വിളിച്ച്‌ കൊണ്ടാണ് കോണ്‍ഗ്രസ് സമാജികര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് , ബി.എസ്.പി വനിതാ അംഗങ്ങള്‍ പരാതിക്കാരിയുടെ അടുത്തെത്തി അവരെ ആശ്വാസിപ്പിച്ചു. ഇടയ്‌ക്ക് ആഭ്യന്തരമന്ത്രിയും എം.എല്‍.എയുടെ അടുത്തെത്തി സമാധാനിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാവിന്റെ മാതാവ് നല്‍കിയ പരാതി ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് ബി.ജെ.പിയിലെ മറ്റ് വനിതാ എം.എല്‍.എമാര്‍ ശ്രമിച്ചത്.

Advertisement