ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടില്‍ വീട്ടുജോലികള്‍ക്കായി നിര്‍ത്തിയിരിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ സമാല്‍കോട്ടില്‍ ഒരു പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടിയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്.
നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോ സംശയമുന്നയിക്കുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.
മുമ്പ് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാല്‍കോട്ട പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. മകളെ കാണാനോ ഫോണ്‍ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പറയുന്നു.
എന്നാല്‍ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോള്‍ ചില സാധനങ്ങള്‍ മാത്രം തിരികെ നല്‍കുകയും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് പറയുകയുമായിരുന്നു.
പതിനായിരം രൂപ ശമ്പളം നല്‍കാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാല്‍ കുറച്ചു മാസങ്ങളായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. പൊലീസ് ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ട്.