കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇന്ത്യൻ യുവതാരങ്ങൾക്ക് ശിക്ഷ വിധിച്ച് ബിസിസിഐ.
സ്വകാര്യ ടെലിവിഷൻ ചാറ്റ് ഷോയ്ക്കിടെയാണ് ഇരുവരും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയത്.
20 ലക്ഷം രൂപയാണ് ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും ബിസിസിഐ ഓംബുഡ്സ്മാൻ വിധിച്ചത്.
സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് ശിക്ഷ വിധിക്കാൻ ബിസിസിഐ ഓംബുഡ്സ്മാനെ ഏൽപിച്ചത്.
ഇതിൽ 10 ലക്ഷം രൂപ ജോലിക്കിടെ മരിച്ച 10 അർധസൈനിക കോൺസ്റ്റബിൾമാരുടെ കുടുംബാംഗങ്ങൾക്ക് വീതം വെച്ച് ഇരുവരും നൽകണം.
കൂടാതെ കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബിസിസിഐ രൂപീകരിച്ച ഫണ്ടിലേക്ക് 10 ലക്ഷം രൂപ വീതവും പിഴയായി ഇരുവരും ഒടുക്കേണ്ടി വരും.
നാലാഴ്ചക്കകം പിഴ അടച്ചില്ലെങ്കിൽ ഇരുവരുടെയും മാച്ച് ഫീയിൽ നിന്ന് ഈ തുക ഈടാക്കാൻ ബിസിസിഐയോട് ഓംബുഡ്‌സ്മാൻ നിർദേശം നൽകിയിട്ടുണ്ട്.
കോഫി വിത്ത് കരൺ എന്ന പരുപാടിയ്ക്കിടെയാണ് ഇരുവരും വിവാദമായ പരാമർശങ്ങൾ പരസ്യമായി പങ്കുവെച്ചത്.
നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാർദിക് പരിപാടിയുടെ അവതാരകനായ കരൺ ജോഹറിനോട് വെളിപ്പെടുത്തിയത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങൾ അവർ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാർദിക് കൂട്ടിച്ചേർത്തു.
തന്റെ പോക്കറ്റിൽ നിന്ന് 18 വയസിനുള്ളിൽ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എൽ രാഹുൽ തുറന്ന് പറഞ്ഞത്.
ഇതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണ് താരങ്ങൾക്ക് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നേരിടേണ്ടി വന്നത്.
ഹർഭജനും ധോണിയുമടക്കമുളള ക്രിക്കറ്റ് താരങ്ങളും ഇരുവർക്കും എതിരെ രംഗത്തെത്തി. ഒടുവിൽ പരസ്യമായി ടീം ഇന്ത്യയോട് മാപ്പപേക്ഷിക്കുന്നത് വരെ കാര്യങ്ങളെത്തി. ഇരുവർക്കും കുറച്ച് മത്സരങ്ങൾ ഇതുമൂലം നഷ്ടമാകുകയും ചെയ്തിരുന്നു.