കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടീഞ്ഞോയെ കൊടുത്ത് നെയ്മറിനെ തിരികെ എത്തിക്കാന്‍ ബാഴ്‌സലോണ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.
142 ദശലക്ഷം യൂറോ നല്‍കി ലിവര്‍പൂളില്‍ നിന്നും കാംപ്‌ന്യൂവിലെത്തിച്ച കുട്ടീഞ്ഞോയ്ക്ക് ഇതുവരെ ബാഴ്‌സ നിരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
ഇതനുസരിച്ചാണ് താരത്തിന് പകരം നെയ്മറിനെ വീണ്ടും തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാഴ്‌സയുടെ മധ്യനിര മാന്ത്രികന്‍ ആന്ദ്രെ ഇനിയെസ്റ്റ ഒഴിച്ചിട്ട വിടവ് നികത്താനാണ് ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വെല്‍വാര്‍ഡെ കുട്ടീഞ്ഞോയെ ടീമിലെത്തിച്ചത്.
എന്നാല്‍, താരത്തിന് ഇതുവരെ മികവിലെത്താന്‍ സാധിച്ചിട്ടില്ല. ഫോമില്ലാത്തതിനെ തുടര്‍ന്ന് താരത്തിന് ആദ്യ പതിനൊന്നില്‍ അവസരവും കുറവായതാണ് ട്രാന്‍സ്ഫര്‍ അഭ്യൂഹം ശക്തമാക്കുന്നത്.
222 ദശലക്ഷം യൂറോയ്ക്ക് പാരിസ് സെന്റ് ജെര്‍മനിലേക്ക് കൂടുമാറിയ നെയ്മറിനെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സ ശ്രം നടത്തുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫ്രഞ്ച് ലീഗില്‍ പ്രതീക്ഷിച്ച താളം കണ്ടെത്താന്‍ സാധിച്ചെങ്കിലും കൗമാര പ്രതിഭാസം എംബാപ്പെയ്ക്കാണ് ടീമിലും ആരാധകര്‍ക്കിടയിലും വന്‍ സ്വീകാര്യത.
കൂടാതെ, മറ്റു ലീഗുകളെ അപേക്ഷിച്ച് ഫ്രഞ്ച് ലീഗിന് പേര് കുറവായതും നെയ്മറിന് മാറ്റത്തിന് താല്‍പ്പര്യമുണ്ടാക്കിയെന്നാണ് സൂചനകള്‍. അതേസമയം, ഇക്കാര്യത്തെ കുറിച്ച് നെയ്മറോ, ബാഴ്‌സയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
റയല്‍ മാഡ്രിഡും നെയ്മറിനായി രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ലോസ് ബ്ലാങ്കോസ് പിന്മാറിയെന്നാണ് സൂചന. ഇതിനിടയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുട്ടീഞ്ഞോയെ എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.