തിരുവനന്തപുരം: പ്രകാശൻതമ്പിയും വിഷ്ണുവും സ്വർണക്കടത്തിന് ഇറങ്ങിയത് രണ്ടു കോടി രൂപയുമായി. ഡിആർഐ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
തുകയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് ഡിആർഐ. വയലനിസ്റ്റ് ബാലഭാസ്‌കറിൽ നിന്ന് കൈവശപ്പെടുത്തിയ പണമാണോ ഇതെന്നും സംശയിക്കുന്നു.
ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഇരുവരുമായുള്ള പരിചയം, ബാലഭാസ്‌കറുമായുള്ള സാമ്പത്തിക ഇടപാട് എന്നീ കാര്യങ്ങളാണ് മുഖ്യമായും ചോദിച്ചത്.
നവംബർ മുതലാണ് സ്വർണക്കടത്തിനുള്ള ആസൂത്രണം പ്രകാശൻ തമ്പിയും വിഷ്ണുവും ആരംഭിച്ചത്. ദുബായിൽനിന്ന് സ്വർണം വാങ്ങുന്നതിനായിരുന്നു രണ്ടുകോടി.
ചോദ്യംചെയ്യലിൽ പ്രകാശൻതമ്പി പണം വിഷ്ണുവിന്റേതാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
വളഞ്ഞ വഴിയിലൂടെ ഇരുവരും ചേർന്ന് ഒപ്പിച്ചതാണിതെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് ബാലഭാസ്‌കറിൽനിന്ന് കൈവശപ്പെടുത്തിയതാണോ തുകയെന്ന് അന്വേഷിക്കുന്നത്.
മുഖ്യ സൂത്രധാരൻ ബിജു മോഹനനുമായി ഇരുവർക്കും നേരത്തെ പരിചയമുണ്ട്. വിഷ്ണുവിന്റെ സഹപാഠിയായിരുന്നു ബിജു.
വിഷ്ണു വഴിയാണ് പ്രകാശൻതമ്പി സംഘത്തിലേക്ക് എത്തുന്നത്. ബിസിനസ് സംരംഭങ്ങൾ എല്ലാം പൊളിഞ്ഞ ചരിത്രമാണ് വിഷ്ണുവിന്റേത്.
പഠിക്കുന്ന കാലത്ത് പവർലിഫ്റ്ററായിരുന്ന പ്രകാശൻതമ്പി പിന്നീട് ജിമ്മിൽ പരിശീലകനായി. ബാലഭാസ്‌കറുമായും ഇരുവർക്കും നേരിട്ട് ബന്ധമുണ്ടായിരുന്നു.
പ്രകാശൻതമ്പി പരിപാടികളുടെ സംഘാടകനായിരുന്നു. വിഷ്ണുവിന്റെ ബിസിനസ് സംരംഭത്തിൽ ബാലഭാസ്‌കർ സഹകരിച്ചിട്ടുണ്ട്.
പ്രകാശൻതമ്പിയാണ് ബാലഭാസ്‌കർ സംഘടിപ്പിക്കുന്ന പരിപാടികളുടെ പണം കൈപ്പറ്റിയിരുന്നത്. കമീഷനായി തമ്പി പണം കൈവശപ്പെടുത്തിയതായി ഡിആർഐ സംശയിക്കുന്നു.
വിഷ്ണു നേരത്തേതന്നെ ബാലഭാസ്‌കറിനെ ചതിച്ചതായി സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങിയതിന്റെ മറവിലായിരുന്നു പണം തട്ടിയത്.
ഈ സാഹചര്യത്തിൽ ഇരുവരും ചേർന്ന് ആസൂത്രിതമായി ബാലഭാസ്‌കറെ കബളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് ഡിആർഐ നിഗമനം.
അന്വേഷണം മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ടതിന് മുമ്പും ശേഷവും ആ വഴി കടന്നുപോയ മുഴുവൻ വ്യക്തികളുടെയും മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം.
അപകടവുമായി ബന്ധപ്പെട്ടുയർന്ന ദുരൂഹതകൾ നീക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം.
കഴക്കൂട്ടം പള്ളിത്തുറയിലാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സംശയാസ്പദ സാഹചര്യത്തിൽ സ്ഥലത്ത് ചിലരെ കണ്ടെന്ന സാക്ഷിമൊഴികളുണ്ടായിരുന്നു.
മാത്രമല്ല, അപകടത്തിനുമുമ്പ് ബാലഭാസ്‌കറിന് നിരന്തരം കോളുകൾ വന്നിരുന്നതായും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
ഫോൺ കോളുകളുടെ വിശദാംശങ്ങൾ, മൊബൈൽ ലൊക്കേഷൻ എന്നിവ ശേഖരിക്കാൻ ആരംഭിച്ചു. ഇതിൽനിന്ന് മൊഴിയുടെ വിശ്വാസ്യത മനസ്സിലാക്കാനാകും.
അപകടസമയത്ത് ബാലഭാസ്‌കറിന്റെ നമ്പറിലേക്ക് വന്നതായി പറയപ്പെടുന്ന കോളുകളുടെ വിവരവും ഇതിൽ നിന്ന് ലഭിക്കും.
പരിശോധിക്കേണ്ട കോളുകൾ, സാക്ഷികൾ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിക്കാൻ ആരംഭിച്ചു.
തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബാലഭാസ്‌കറിന്റെ യാത്ര, അപകടസമയം ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മരിക്കുന്നതിന് മുമ്പുവരെ ആശുപത്രിയിൽ നടന്ന കാര്യങ്ങൾ എന്നിവയാണ് രണ്ടാംഘട്ടമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ആശുപത്രിയിൽ എത്തിച്ചവർ, സന്ദർശകർ തുടങ്ങിയവരുടെയും മൊഴി എടുക്കും. ബാലഭാസ്‌കറിനെ അവസാനം കണ്ടത് ആരാണെന്നറിയാൻ ആശുപത്രി രേഖകൾ ഉടൻ പരിശോധിക്കും.
ആദ്യഘട്ടത്തിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്. ഈ രേഖകൾ പരിശോധിക്കുകയാണ്.
ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണിയുൾപ്പെടെയുള്ളവരുടെ പരാതിയുടെ അടസ്ഥാനത്തിൽ സംഭവത്തിനുപിന്നിൽ ആസൂത്രിത നീക്കം എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് അറിയുന്നതിനാണ്
സാമ്പത്തിക ഇടപാട് മൊബൈൽ ഫോണുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
നിലവിൽ ലഭ്യമായ മൊഴികളും രേഖകളും വിശദമായി പരിശോധിച്ചശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
പ്രകാശൻതമ്പിയോടൊപ്പം സിസിടിവി ദൃശ്യം പരിശോധിക്കാൻ കൊല്ലത്ത് പോയ ജമീൽ, സനൽ എന്നിവരുടെ മൊഴി ഉടൻ എടുക്കും.
സംഗീതരംഗത്ത് ബാലഭാസ്‌കറുമായി സഹകരിച്ചിരുന്നവരെയും സുഹൃത്തുക്കളെയും ചോദ്യംചെയ്യും.
മൊബൈൽ കണ്ടെത്തിയത് തമ്പിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ
ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ ലഭിച്ചത് ഡിആർഐയുടെ റെയ്ഡിൽ. പ്രകാശൻതമ്പിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.
ബാലഭാസ്‌കറിന്റെ മരണശേഷം ഈ മൊബൈൽ ഫോൺ പ്രകാശൻതമ്പി കൈവശപ്പെടുത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ ഇയാൾ പ്രതിയായതോടെ ഡിആർഐ റെയ്ഡ് നടത്തി.
മൊബൈൽ ഫോൺ ഡിആർഐ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിനുപുറമെ അവരുടെ പക്കൽനിന്ന് ഫോൺ വാങ്ങി ക്രൈംബ്രാഞ്ചും പരിശോധനയ്ക്ക് കൈമാറും.
ഇതിനുമുമ്പായി ഡിആർഐയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കും.
തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാലഭാസ്‌കറിന് നിരന്തരം കോളുകൾ വന്നിരുന്നതായി വിവരമുണ്ട്.
ഈ സാഹചര്യത്തിൽ കോളുകളുടെ പരിശോധനാഫലം വരുന്നതോടെ വിളിച്ചതാരെന്ന് വ്യക്തമാകും. കേസിന്റെ ഗതിയിലും നിർണായകമാകും.
ഇതേസമയം വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന് പറഞ്ഞ കെഎസ്ആർടിസി ഡ്രൈവറെ വിശദമായി ചോദ്യംചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
ഇതുവരെയുള്ള അന്വേഷണത്തിൽ ആസൂത്രിതമായ അപകടമാണെന്ന് സൂചിപ്പിക്കുന്ന പ്രത്യക്ഷതെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
ലഭ്യമായ രേഖകൾ, മൊബൈൽ ഫോൺ വിശദാംശങ്ങൾ, ഫോറൻസിക് പരിശോധനാഫലം എന്നിവ ലഭിക്കുന്നതോടെ യാഥാർഥ്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. അപകടസമയം വാഹനത്തിലുണ്ടായിരുന്ന അർജുൻ ഒളിവിലാണ്.
നിർണായകമാകുക ഫോറൻസിക് ഫലം
ബാലഭാസ്‌കർ കേസിൽ നിർണായകമാകുക അർജുന്റെ മുടി, രക്തം, വിരലടയാളം എന്നിവയുടെ പരിശോധനാഫലം. സംഭവശേഷം അടിക്കടി മൊഴി മാറ്റുകയായിരുന്നു അർജുൻ.
ഇതേ തുടർന്നാണ് വാഹനത്തിലെ സീറ്റിൽനിന്ന് ശേഖരിച്ച രക്തസാമ്പിൾ, വിരലടയാളം, മുടി എന്നിവയ്ക്ക് ഒപ്പം അർജുന്റെ രക്തവും വിരലടയാളവും മുടിയും ഫോറൻസിക് പരിശോധനയ്ക്ക് സമർപ്പിച്ചത്.
രണ്ടുമാസം മുമ്പ് അർജുനെ ചോദ്യംചെയ്തപ്പോൾ വാഹനം ഓടിച്ചത് താനല്ലെന്ന് ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സാമ്പിളുകൾ പരിശോധനയ്ക്ക് നൽകിയത്.
താരതമ്യപഠനത്തിലൂടെ വാഹനം ഓടിച്ചത് ആരെന്ന് വ്യക്തമാകും. പരിശോധനാഫലം വേഗത്തിൽ നൽകണമെന്ന് അഭ്യർഥിച്ച് കത്ത് നൽകിയതായി ഡിവൈഎസ്പി പറഞ്ഞു.
നേരത്തെ പരിക്കുകളുടെ അടിസ്ഥാനത്തിൽ യാത്രക്കാർ എവിടെയാണ് ഇരുന്നതെന്ന് അറിയാൻ ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
അർജുനാണ് ഡ്രൈവർ സീറ്റിൽ എന്നായിരുന്നു ഈ പരിശോധനാനിഗമനം. അർജുനേറ്റ പരിക്ക് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവർക്ക് സംഭവിക്കാൻ സാധ്യതയുള്ളത് എന്നായിരുന്നു നിഗമനം.