ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി സംബന്ധിച്ച് താരസംഘടനയായ അമ്മയും നടിമാരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച പൂര്‍ണ പരാജയമായിരുന്നു. നടിമാരുടെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ വാര്‍ത്ത സമ്മേളനം ശ്രദ്ധേയമായിരുന്നു. പിന്നാലെ അമ്മയുടെ വക്തവായി നടന്‍ ജദഗീഷ് വാര്‍ത്ത കുറിപ്പ് പുറത്തിറങ്ങിയിരുന്നു. അതിനെ തള്ളി സിദ്ദിഖും കെപിഎസി ലളിതയുമെത്തിയിരുന്നു.
ഇതോടെ ദിലീപിനെ ചൊല്ലി അമ്മയിലുള്ള തകര്‍ക്കങ്ങള്‍ പരസ്യമാവുകയാണ്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ജഗദീഷിന്റെയും ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള ഇരുവരുടെയും പ്രതികരണമാണ് ചോര്‍ന്നിരിക്കുന്നത്. ജഗദീഷിനെ വക്താവാക്കിയ
നിലപാട് ഔദ്യോഗികമല്ലെന്നും സിദ്ദിഖിന്റെ നിലപാടാണ് ഔദ്യോഗികമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറയുന്നു. അന്തിമ തീരുമാനം പറയേണ്ടത് മോഹന്‍ലാലാണ്.
പുറത്തായ ശബ്ദ സന്ദേശങ്ങള്‍ ഇങ്ങനെ:
ജഗദീഷ് പറയുന്നതിങ്ങനെ:
അഭിപ്രായം പറയുന്നവരുടെ കരിയര്‍ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ച് പൊറുപ്പിക്കില്ല. പ്രസിഡന്റിന്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതില്‍ കഴിഞ്ഞൊരു പദവി സംഘടനയിലില്ല. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്ക് നിര്‍ത്താമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ നടക്കില്ല. അച്ചടക്കത്തോടെ വാട്‌സാപ് സന്ദേശത്തില്‍ മാത്രമാണ് ഞാനിത് പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനാവും. എല്ലാവരുടെയും ചരിത്രം എന്റെ കൈയിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. അത് പറയിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. വല്യേട്ടന്‍ മനോഭാവം ആര്‍ക്കും വേണ്ട. സുഹൃത്തുക്കള്‍ക്കായി വാദിക്കുന്നത് നല്ല കാര്യം. എന്നാല്‍ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ പാടില്ല.
ബാബുരാജ് പറയുന്നതിങ്ങനെ:
സിദ്ദിഖിന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസിലായില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പര്‍ബോഡി തീരുമാനം എടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ നടക്കില്ല. ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ് തമിഴ് പത്രവാര്‍ത്ത. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാലാണ്. പത്രസമ്മേളനത്തില്‍ സിദ്ദിഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിതചേച്ചിയെ അവിടെ ഉള്‍പ്പെടുത്തേണ്ട കാര്യവുമില്ല. ദിലീപിനെ പിന്തുണയ്ക്കണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ. സംഘടനയുടെ പേരില്‍ വേണ്ട. അമ്മയ്ക്ക് ദിലീപിനെ പിന്തുണയ്‌ക്കേണ്ട കാര്യമില്ല.
ദിലീപിന്റെ രാജിക്കാര്യവും സിദ്ദിഖിന്റെ പത്രസമ്മേളനവും അറിഞ്ഞിരുന്നില്ല. എന്ന് അമ്മ നിര്‍വാഹക സമിതിയിലെ പല അംഗങ്ങള്‍ക്കും പരിഭവമുള്ളതായിട്ടാണ് സൂചന. എന്നാല്‍ അമ്മയുടെ ഔദ്യോഗിക പത്രക്കുറിപ്പിലെ ചില പരാമര്‍ശങ്ങളാണ് ദിലീപ് അനുകൂല വിഭാഗത്തെ ചൊടിപ്പിച്ചത്. അതേ സമയം മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് പത്രക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് ഉറപ്പിച്ച് പറയുന്നു. വിവാദ വിഷയങ്ങളില്‍ സംഘടനാ ചട്ടങ്ങള്‍ക്കുപരിയായി ധാര്‍മ്മികതയില്‍ ഊന്നിയുള്ള തീരുമാനം ഉണ്ടാവുമെന്ന പത്രക്കുറിപ്പിലെ സൂചനയാണ് ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചത്.
അതേ സമയം, ജഗദീഷിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. കോമഡി സ്റ്റാര്‍സില്‍ പാട്ട് പാടി വെറിപ്പിക്കാറുണ്ടെങ്കിലും കാര്യം പറയേണ്ടിടത്ത് നിലപാട് വ്യക്തമാക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്കൊല്ലം രൂക്ഷ വിമര്‍ശനമാണ് ലഭിക്കുന്നത്.
അമ്മയ്ക്കുള്ളില്‍ താരങ്ങള്‍ തമ്മില്‍ പ്രശ്‌നം ഉടലെടുത്തതോടെ അവസാന വാക്ക് പറയേണ്ടത് മോഹന്‍ലാല്‍ ആണ്. ഇതുവരെ മോഹന്‍ലാല്‍ സത്യമെന്താണെന്നുള്ളത് പ്രതികരിച്ചിട്ടില്ല. സംയമനം പാലിക്കാന്‍ ഇരുപക്ഷത്തോടും മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചതായിട്ടാണ് വിവരം. അടുത്ത ആഴ്ച മോഹന്‍ലാല്‍ വിദേശത്തേക്ക് പോകുന്നതിനാല്‍ മുതിര്‍ന്ന അംഗങ്ങള്‍ 19 ന് വിഷയം ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.