കൊച്ചി: പാകിസ്താന് ഭീകരര്‍ക്കെതിരേ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി നടന് ബാബു ആന്റണി. പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം.
‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍… എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്.’ ഇങ്ങനെയായിരുന്നു ബാബു ആന്റണിയുടെ മാസ് ഡയലോഗ്.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ഗോപിയും എത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള് 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച് ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു.
അതേസമയം, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കാഷ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ കണ്ണില്‍ പെടാതെ 50 മൈല്‍ ഉള്ളില്‍ കടന്നെത്തിയാണ് ഭീകരതാവളങ്ങള്‍ ആക്രമിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്.
ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്.
മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു. ആക്രമണത്തില്‍ ഇരുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം.