മൊഹാലി: പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും (105 പന്തില്‍ 117), ഉസ്മാന്‍ ഖവാജ (99 പന്തില്‍ 91) അടിത്തറ പാകി. അഷ്ടണ്‍ ടര്‍ണര്‍ (42 പന്തില്‍ 82) ഓസീസിലേക്ക് വിജയത്തിലേക്ക് നയിച്ചു.
നാലാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും രണ്ട് വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്തി. അവസാന ഏകദിനം ബുധനാഴ്ച നടക്കും.
മോശം തുടക്കമായിരുന്നു ഓസീസിന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. ഭുവിയുടെ ഒരു ഇന്‍സ്വിങ്ങറില്‍ ഫിഞ്ചിന്റെ ലെഗ് സ്റ്റംപ് തെറിച്ചു.
നാലാം ഓവറില്‍ മാര്‍ഷും പവലിയനില്‍ തിരിച്ചെത്തി. ബുംറയുടെ ഒരു പേസി യോര്‍ക്കറില്‍ മാര്‍ഷിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഒത്തുച്ചേര്‍ന്ന് ഖവാജ- ഹാന്‍ഡ്സ്‌കോംപ് സഖ്യം 192 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബുംറയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഖവാജ പുറത്തായതോടെ കൂട്ടുക്കെട്ട് പൊളിഞ്ഞു. ഏഴ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിങ്സ്. അധികം വൈകാതെ ഹാന്‍ഡ്സ്‌കോംപ് തന്റെ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി.
ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയാണ് ഹാന്‍ഡ്സ്‌കോംപ് സെഞ്ചുറി നേടിയത്. എന്നാല്‍ കുല്‍ദീപിനെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ മാക്സ്വെല്‍ (23) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. ഇതോടെ ഇന്ത്യക്ക് പ്രതീക്ഷയായി.
എന്നാല്‍ ഹാന്‍ഡ്‌സ്‌കോംപിനൊപ്പം ഒത്തുച്ചേര്‍ന്ന ടര്‍ണര്‍ അനായാസം ബാറ്റേന്തി. ഇരുവരും 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹാന്‍ഡ്‌സ്‌കോംപിന് അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഹാന്‍ഡ്‌സ്‌കോംപ് പുറത്തായതോടെ ക്രീസിലെത്തിയത് അലക്‌സ് കാരി.
വിക്കറ്റ് കീപ്പര്‍ക്കൊപ്പം 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടര്‍ണര്‍ ഓസീസിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ടര്‍ണറെ പുറത്താക്കാന്‍ ലഭിച്ച രണ്ട് അവസങ്ങള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കളഞ്ഞിരുന്നു. ടര്‍ണര്‍ക്കൊപ്പം ജേ റിച്ചാര്‍ഡ്‌സണ്‍ (0) പുറത്താവാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 8.5 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 67ഉം യൂസ്‌വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 80ഉം കുല്‍ദീപ് 10 ഓവറില്‍ 64 റണ്‍സും വഴങ്ങി. മൂവരും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ ഇന്ത്യ 359 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിന് മുന്നില്‍വച്ചത്. ധവാന്‍ സെഞ്ചുറിയും(143) രോഹിത് അര്‍ദ്ധ സെഞ്ചുറിയും(95) നേടി.
ഓസീസിനായി 10 ഓവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റ് നേടി.
പരമ്പരയില്‍ ആദ്യമായി ധവാന്‍ ഫോമിലെത്തിയപ്പോള്‍ മൊഹാലിയില്‍ മിന്നും തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ക്ഷമയോടെ ബാറ്റ് വീശി ധവാന് ഫോമിലെത്താനുള്ള അവസരങ്ങള്‍ ഒരുക്കുകയായിരുന്നു രോഹിത്.
ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ 61 പന്തില്‍ ഹിറ്റ്മാന്‍ അമ്പതിലെത്തി.
രോഹിതിന്റെ 40-ാം അര്‍ദ്ധ സെഞ്ചുറിയാണ് മൊഹാലിയില്‍ പിറന്നത്. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിത് കത്തിക്കയറി. ഇതോടെ കൂട്ടുകെട്ട് 150 പിന്നിട്ടു.
എന്നാല്‍ രോഹിതിനെ 92 പന്തില്‍ 95 റണ്‍സെടുത്ത് നില്‍ക്കേ ജേ റിച്ചാര്‍ഡ്‌സണ്‍ 31-ാം ഓവറില്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ കൈകളിലെത്തിച്ചു. ഓപ്പണിംഗില്‍ പിറന്നത് 193 റണ്‍സ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നാമനായി എത്തിയത് കെ എല്‍ രാഹുല്‍.
തൊട്ടുപിന്നാലെ ധവാന്‍ 97 പന്തില്‍ 16-ാം സെഞ്ചുറിയിലെത്തി. എന്നാല്‍ ടോപ് ഗിയറിലായിരുന്ന ധവാനെ(115 പന്തില്‍ 143) 38ാം ഓവറില്‍ കമ്മിന്‍സ് മടക്കി. വൈകാതെ കോലിയും(7) പുറത്ത്. ജേ റിച്ചാര്‍ഡ്‌സണിനാണ് വിക്കറ്റ്. 42-ാം ഓവറില്‍ രാഹുലിനെ(26) സാംപയും പുറത്താക്കി.
പന്തും ജാദവും ക്രീസില്‍ നില്‍ക്കേ 44-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. എന്നാല്‍ 46-ാം ഓവറില്‍ പന്തിനെ(24 പന്തില്‍ 36) പറഞ്ഞയച്ചു കമ്മിന്‍സ്.
ഇതോടെ ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗം കുറഞ്ഞു. 48-ാം ഓവറില്‍ കേദാര്‍ ജാദവിനെ കമ്മിന്‍സ്(12 പന്തില്‍ 10) പുറത്താക്കിയതോടെ ഇന്ത്യ കിതച്ചു. 49-ാം ഓവറില്‍ റിച്ചാര്‍ഡ്‌സണിന്റെ സ്ലോ ബോളില്‍ ഭുവി(1) വീണു.
കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ ശങ്കര്‍(26) മൂന്നാം പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ ചാഹലും പുറത്ത്. അവസാന പന്തില്‍ സിക്‌സര്‍ നേടി ബുംറ ഇന്നിംഗ്സിന് മനോഹരമായി വിരാമമിട്ടു.