കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മകന്റെ മരണാനന്തര ചടങ്ങില്‍ അച്ഛനായ പള്ളി ഇമാം പറഞ്ഞ വാക്കുകള്‍ ഒരു നാടിന് രക്ഷയാകുന്നു. ബംഗാളില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാമനവമി ആഘോഷം വര്‍ഗീയ സംഘര്‍ഷത്തിന്റെ വക്കിലാണ് എത്തിനില്‍ക്കുന്നത്. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന വിശേഷണത്തോടെ ബിജെപി സംസ്ഥാന ഘടകം നടത്തിയ റാലി സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ താറുമാറാക്കി. ഇത്തരത്തില്‍ ഹിന്ദുത്വ വാദികള്‍ നടത്തിയ അക്രമത്തിലാണ് അസന്‍സോള്‍ പള്ളിയിലെ ഇമാമായ മൌലാന ഇംദാദുല്‍ റാഷിദിയുടെ മകന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കലാപത്തിന് കോപ്പ് കൂട്ടിയവരെ നിരാശരാക്കിക്കൊണ്ടാണ് പള്ളി ഇമാം കൂടിയായ ഇംദാദുല്‍ റാഷിദി നിലപാടെടുത്തത്.
ആഘോഷത്തിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണുണ്ടായത്. അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസന്‍സോള്‍ മസ്ജിദിലെ ഇമാം മൗലാന ഇന്ദദുള്‍ റാഷിദിയുടെ മകനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സിന്‍സുള്ള റാഷിദിയെ ചെവ്വാഴ്ച മുതല്‍ കാണാതാവുകയായിരുന്നു.
അന്വേഷണത്തില്‍ അക്രമി സംഘം പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായി. പിന്നീട് നടത്തിയ തിരിച്ചിലിനിടെ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ ഈദ്ഗാഹ് മൈതാനത്ത് സംഘടിച്ചു. ഈ കൊടും ക്രൂരതയ്ക്ക് പകരം വീട്ടണമെന്നായിരുന്നു ആളുകള്‍ ഒന്നടങ്കം പറഞ്ഞത്. എന്നാല്‍ മകന്‍ നഷ്ടമായതിന്റെ വേദനയിലും ഇമാം ആള്‍ക്കൂട്ടത്തെ സമാധാനിപ്പിക്കുകയാണ് ചെയ്തത്.
‘തനിക്ക് സമാധാനമാണു വേണ്ടത്. എന്റെ കുട്ടിയുടെ ജീവന്‍ അവരെടുത്തു. ഇനിയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ വീടുകള്‍ കത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതികാരം നടത്തിയാല്‍ താന്‍ അസന്‍സോളും പള്ളിയും ഉപേക്ഷിച്ച് പോകും.
നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ തിരിച്ചടിക്കാനായി ഒരു വിരല്‍ പോലും ഉയര്‍ത്തരുത്. കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ ഒരു ഇമാമാണ്. ജനങ്ങള്‍ക്ക് ശരിയായ സന്ദേശം നല്‍കേണ്ടത് പ്രധാനമാണ്’ ഇമാം റാഷിദി പറഞ്ഞു. കോപാകുലരായിരുന്ന നാട്ടുകാര്‍ ഇതോടെ ശാന്തരായി.
ഇമാമിന്റെ ഈ നിലപാടിനെ രാഷ്ട്രീയ നേതാക്കള്‍ വാനോളം പുകഴ്ത്തി. ‘ഞങ്ങള്‍ അദ്ദേഹത്തെയോര്‍ത്ത് അഭിമാനിക്കുന്നു. ഒരു മകന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വേദന അനുഭവിക്കുന്നുണ്ടെങ്കിലും അദ്ദേഹം സമാധാനത്തിന് വേണ്ടി അപേക്ഷിച്ചുവെന്നായിരുന്നു ‘അസന്‍സോള്‍ മേയര്‍ ജിതേന്ദ്ര തിവാരിയുടെ പ്രതികരണം
”മകനെ നഷ്ടപ്പെട്ട ഒരച്ഛന്‍ ഇങ്ങനെ പെരുമാറുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത് ബംഗാളിന് മാത്രമല്ല, രാജ്യത്തിന് ആകമാനം ഒരുദാഹരണമാണ്. അദ്ദേഹം സംസാരിച്ചു കഴിഞ്ഞപ്പോള്‍ ജനങ്ങളെല്ലാം കരയുകയായിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു. ഞാനും ഞെട്ടിത്തരിച്ചുനിന്നുപോയി. കാരണം, സിബ്തുള്ളയുടെ മൃതശരീരം കണ്ടെത്തിയതോടെ തന്നെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ പ്രവചനാതീതമായി മാറിക്കഴിഞ്ഞിരുന്നു. ജനങ്ങളാകെ ഇളകിയിരുന്നു. പക്ഷേ, സമാധാനത്തിനുള്ള അദ്ദേഹത്തിന്റെ അപേക്ഷ, ജനങ്ങളെ ആകെ തണുപ്പിച്ചു. അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ അത്രയും സ്വാധീനമുണ്ട്. ഒരുപക്ഷേ, അദ്ദേഹം ജനങ്ങളോട് ശാന്തരാകാന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍, ഉറപ്പാണ് അസന്‍സോള്‍ മുഴുവനായും കത്തിത്തീര്‍ന്നേനെ. അസന്‍സോളിലെ കൌണ്‍സിലറായ നാസിം അന്‍സാരി പറയുന്നു. ഇമാമിന്റെ പ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ട് അസന്‍സോളിന്റെ മേയര്‍ ജിതേന്ദ്രതിവാരിയും രംഗത്തെത്തി.
”അവന്‍ വീടിന് പുറത്തേക്ക് പോകുമ്പോള്‍ തന്നെ ചുറ്റുപാടുകള്‍ അശാന്തമായി തുടങ്ങിയിരുന്നു. വീടിന് പുറത്ത് ഇറങ്ങിയ ഉടനെ തന്നെ അവന്‍ കലാപകാരികളുടെ കയ്യില്‍പ്പെട്ടു. അതുകണ്ട എന്റെ മൂത്ത മകന്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കാനായി ഓടി. പക്ഷേ, അവനെ സ്റ്റേഷനില്‍ പിടിച്ചുവെക്കുകയാണ് അവര്‍ ചെയ്തത്. പിന്നെ ഒരു മൃതശരീരം കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. രാവിലെ അത് അവനാണെന്ന് തിരിച്ചറിയുകയായിരുന്നു- എന്ന് പറയുന്നു 48കാരനായ റാഷിദി.
”എനിക്ക് സമാധാനമാണ് വേണ്ടത്. എന്റെ മകനെ എനിക്ക് നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും കത്തിയെരിയാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലും ഇനി സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് പോകും. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍, ഇവിടെ നിങ്ങള്‍ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ പാടില്ല…’ നൂരാനി പള്ളിയിലെ ഇമാമായ റാഷിദിക്ക് ജനക്കൂട്ടത്തോടുള്ള അഭ്യര്‍ത്ഥന അതൊന്ന് മാത്രമായിരുന്നു.
”ഞാന്‍ ഇവിടെ ഇമാമായിട്ട് 30 വര്‍ഷത്തിലധികമായി. ജനങ്ങള്‍ക്ക് ഞാന്‍ നല്‍കേണ്ടത് നല്ല സന്ദേശമായിരിക്കണം- അത് സമാധാനത്തിന്റേതായിരിക്കും. എനിക്കുണ്ടായ വ്യക്തിപരമായ നഷ്ടം, അത് ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ അസന്‍സോളിലെ ജനങ്ങള്‍ അങ്ങനെയല്ല. ഇത് ഒരു ഗൂഢാലോചനയാണ്.. അത് തിരിച്ചറിയണം-” അദ്ദേഹം പറയുന്നു.