കണ്ണൂര്‍: തളിപ്പറമ്പില്‍ പത്താംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴുപേര്‍ കസ്റ്റഡിയിലാണ്. പീഡനദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും പ്രതികള്‍ പണം തട്ടാന്‍ തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയോട് പോലീസ് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടു കൊല്ലം മുമ്പ് അച്ഛന്‍ പീഡിപ്പിച്ച വിവരവും വെളിയില്‍ വരുന്നത്.
ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടല്‍ മൂലമായിരുന്നു. ‘അനുസരണയില്ല, സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല’ എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്.
എന്നാല്‍ ബ്ലാക്‌മെയില്‍ ഭീഷണിയെത്തിയതോടെയാണ് സത്യം മനസ്സിലാക്കാന്‍ അവര്‍ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടെയാണ് അച്ഛന്റെ പീഡനവും തിരിച്ചറിയുന്നത്. സെല്ലിലെ പൊലീസുകാര്‍ പെണ്‍കുട്ടിയുമായി ഏറെ നേരം സംസാരിച്ചതോടെ പീഡന വിവരം കുട്ടി തുറന്നു പറഞ്ഞു. കൂട്ടത്തില്‍, വളരെ ചെറിയ പ്രായത്തില്‍ അടുത്ത ബന്ധു പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കി. വിശദമായ ചോദിച്ചപ്പോള്‍ അച്ഛനാണെന്നു പറയുകയും ചെയ്തു.
ഫേസ്ബുക്ക് വഴി അഞ്ജന എന്നു പേരുള്ള അക്കൗണ്ടുമായി നടത്തിയ ചാറ്റിംഗാണ് പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയത്. ഇവരെ കാണാനായി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ഒരു സംഘം കാറില്‍ കൂട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.
പെണ്‍കുട്ടിയുടെ വീഴ്ത്തിയത് സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച്. അഞ്ജന എന്ന പേരില്‍ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത് പറശ്ശിനിക്കടവ് സ്വദേശിയായ യുവാവായിരുന്നു. ഇതേക്കുറിച്ചു കുട്ടിക്ക് അറിയുമായിരുന്നില്ല. അഞ്ജനയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തി ഇയാള്‍ നേരിട്ടും പെണ്‍കുട്ടിയോടു സംസാരിച്ചു.
അടുത്ത സൗഹൃദമായതോടെ ഏതാനും നാള്‍ മുന്‍പ് ഇവരെ കാണാനായി കുട്ടി പറശ്ശിനിക്കടവിലെത്തി. സ്‌കൂള്‍ യൂണിഫോമിലാണ് എത്തിയത്. അന്നു കാറില്‍ കയറ്റിക്കൊണ്ടു പോയി ലോഡ്ജിലെത്തി ചില ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ചിത്രങ്ങളും ഫേസ്ബുക് ചാറ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു 19നു പെണ്‍കുട്ടിയെ വീണ്ടും പറശ്ശിനിക്കടവിലെത്തിച്ചത്.
വനിതാ സെല്‍ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ പേരുവിവരങ്ങള്‍ കുട്ടി പൊലീസിന് കൈമാറി. ഇവര്‍ക്കെതിരെ പോക്സോ കേസെടുക്കും. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.
ഫോണ്‍ രേഖകളടക്കം ശഖരിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയും ലഭിച്ചു. വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു. ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വര്‍ഷങ്ങളായി പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ വഴി കൂടുതല്‍ പേരെത്തി. നിലവില്‍ പറശിനിക്കടവില്‍ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.
പലതവണ കൂട്ട ബലാത്സംഗം നടന്നതായും പെണ്‍കുട്ടിയെ ചൂഷണം ചെയ്തവര്‍ പിന്നീട് കൂടുതല്‍ ആളുകളെ എത്തിച്ചതായും കൈമാറാന്‍ ശ്രമം നടന്നതായും വിവരമുണ്ട്. ഇതിനായി കുട്ടിയെ ഫേസ്ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെയാണ് പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ കൂടുതലൊന്നും അന്വേഷിക്കാതെ വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.