ആലുവ: ആലുവ യൂണിയന്‍ ബാങ്ക് ശാഖയില്‍നിന്നും രണ്ടര കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാന പ്രതികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു. ഒരു വര്‍ഷംകൊണ്ട് ബാങ്ക് ലോക്കറില്‍നിന്നും പലപ്പോഴായി 128 ഇടപാടുകാരുടെ ഒന്‍പത് കിലോഗ്രാം സ്വര്‍ണപ്പണയ ഉരുപ്പടികള്‍ കവര്‍ന്നെടുത്തെങ്കിലും അങ്കമാലി കറുകുറ്റിയിലെ വാടക വീട്ടില്‍ ബാങ്ക് സിസ്റ്റത്തില്‍ തന്നെ ഇതിന്റെയെല്ലാം രേഖകള്‍ സൂക്ഷിച്ചിരുന്നു.
ബാങ്കിലെ സ്വര്‍ണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ അസിസ്റ്റന്റ് മാനേജര്‍ കറുകുറ്റി മരങ്ങാടം കരുമത്തി സിസ്‌മോള്‍ (34), ഭര്‍ത്താവ് കളമശേരി സജി നിവാസില്‍ സജിത്ത് (35) എന്നിവരെ ഒരു മാസത്തെ അന്വേഷണത്തിനിടയില്‍ കഴിഞ്ഞ ദിവസമാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതര മതസ്ഥരായ ഇവരുടെ പ്രണയവിവാഹമായിരുന്നു. ഗുണ്ടകളടക്കമുള്ള ക്രിമിനലുകളുമായി സജിത്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് വിധേനയും പണമുണ്ടാക്കാനുള്ള സജിത്തിന്റെ ആര്‍ത്തിയാണ് സിസ്‌മോളുടെ ജീവിതം തകര്‍ത്തത്.
വിവാഹത്തിനുശേഷമാണ് മദ്യപാനമടക്കമുള്ള സജിത്തിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് സിസ്‌മോള്‍ മനസിലാക്കുന്നത്. ആഡംബര ജീവിതത്തിന് പണം ഇല്ലാതെ വരുന്‌പോള്‍ മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവായിരുന്നത്രെ. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് സിസ്‌മോളെക്കൊണ്ട് ബാങ്കിലെ സ്വര്‍ണം അടിച്ചുമാറ്റിയിരുന്നത്.
ചൂതാട്ട കമ്പക്കാരനായ സജിത്ത് ഷെയര്‍മാര്‍ക്കറ്റില്‍ കോടികള്‍ നിക്ഷേപിച്ചെങ്കിലും അതെല്ലാം നഷ്ടത്തില്‍ കലാശിച്ചെന്നാണ് മൊഴി. ഒളിവില്‍ കഴിയുന്നതിനിടയില്‍ രണ്ടുവട്ടം ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സൂചനയുണ്ട്. നവംബര്‍ 16നാണ് കേരളത്തിലെ ബാങ്കിംഗ് മേഖലയെ തന്നെ ഞെട്ടിച്ച കോടികളുടെ തട്ടിപ്പിന്റെ രഹസ്യം പുറത്തുവരുന്നത്.
സംഭവം കണ്ടെത്തിയ ദിവസം സിസ്‌മോള്‍ എറണാകുളത്ത് ബാങ്കിന്റെ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പണമടച്ച് പണയ ഉരുപ്പടിയായ സ്വര്‍ണം തിരികെ എടുക്കാനെത്തിയ ഇടപാടുകാരന് ലോക്കറില്‍നിന്നും കവറെടുത്തു പരിശോധിച്ച ബാങ്ക് അധികൃതര്‍ ഞെട്ടിപ്പോയി.
തുല്യ തൂക്കത്തിലുള്ള റോല്‍ഡ് ഗോള്‍ഡ് ആഭരണങ്ങളും കുപ്പിവളകളുമായിരുന്നു കവറിനുള്ളില്‍. സംഭവം ഉടന്‍തന്നെ പരിശീലനത്തിലുള്ള സിസ്‌മോളെ ബാങ്ക് മാനേജര്‍ അറിയിച്ചപ്പോള്‍ താന്‍ വരട്ടെ പരിശോധിക്കാമെന്നായിരുന്നു മറുപടി. ഇതിനിടയില്‍ ഇടപാടുകാരനെ ബാങ്ക് അധികൃതര്‍ അനുനയിപ്പിച്ച് തിരിച്ചയച്ചു.
എന്നാല്‍, കള്ളി വെളിച്ചത്തായതോടെ സിസ്‌മോളും ഭര്‍ത്താവും അങ്കമാലിയിലെ വാടക വീട് പൂട്ടി കേരളം വിടുകയായിരുന്നു. പിന്നീട് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ തിരിമറിയുടെ കണക്കുകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് പരാതി നല്‍കുകയായിരുന്നു.
തിരിമറി കൈയോടെ പിടികൂടിയെന്ന് ഉറപ്പിച്ചതോടെ കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ഇരുവരും ആദ്യം ബാംഗളൂരിന് കടന്നു. ഇതിനിടയില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ സിം കാര്‍ഡുകളടക്കം നശിപ്പിച്ചു. അടുത്ത ബന്ധുക്കളുമായി മാത്രം വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ക്കായുള്ള അന്വേഷണം മരവിപ്പിച്ചതെന്ന മട്ടിലായിരുന്നു പോലീസ് നടപടികളുമായി മുന്നോട്ടുപോയത്.
റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന സിറ്റി ഡിസിപി ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം 16 അംഗ സംഘം നാല് ടീമുകളായി തിരിഞ്ഞ് അന്വേഷണത്തിലായിരുന്നു. ബാംഗളൂര്‍ കൂടാതെ ഗോവ, മംഗളൂരു, ഉഡുപ്പി, ഗോകര്‍ണ്ണം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മാറിമാറിയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.
അന്വേഷണ സംഘത്തിന്റെ കൈയ്യെത്തും ദൂരത്ത് എത്തുമ്പോഴേക്കും ഇവര്‍ കടന്നു കളയാറായിരുന്നു പതിവ്. കറങ്ങിതിരിഞ്ഞ് കയ്യിലെ കാശെല്ലാം തീര്‍ന്ന് ഒടുവില്‍ കോഴിക്കോട് എത്തുകയായിരുന്നു ദമ്പതികള്‍. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിച്ചുകളി അവസാനിപ്പിച്ചു പോലീസിന് കീഴടങ്ങുകയായിരുന്നു.
പ്രതികള്‍ക്കായുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ അങ്കമാലിയിലെ വാടക വീടിന്റെ ലോക്ക് തകര്‍ത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും ബാങ്കില്‍നിന്നും കവര്‍ന്ന സ്വര്‍ണം പണയപ്പെടുത്തിയതിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇടപാടുകളുടെ പേരും വിലാസവും സ്വര്‍ണ്ണത്തിന്റെ തൂക്കവും അടക്കം ബാങ്ക് സിസ്റ്റത്തില്‍ തന്നെ രജിസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഡയറിയും പോലീസ് ഇവിടെനിന്നും കണ്ടെടുത്തിരുന്നു.
പിടിയിലായ ഇവരെ ചോദ്യം ചെയ്തതില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലുവ, അങ്കമാലി, കറുകുറ്റി, മൂക്കന്നൂര്‍, കളമശേരി മേഖലകളിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് സ്വര്‍ണ്ണങ്ങള്‍ ഉള്ളതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍.
ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസിന് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്നുമുതല്‍ ഇവരെക്കൊണ്ട് സ്വര്‍ണം പണയപ്പെടുത്തിയ ധനകാര്യസ്ഥാപനങ്ങളില്‍ കൊണ്ടുപോയി പോലീസ് റിക്കവറി നടത്തും. നഷ്ടമായ സ്വര്‍ണ്ണത്തിന്റെ ഉത്തരവാദിത്വം യൂണിയന്‍ ബാങ്ക് ആലുവ ശാഖയ്ക്കാണ്. റിക്കവറി നടത്തുന്ന തൊണ്ടി മുതല്‍ ബാങ്ക് ഇടപ്പെട്ട് കോടതി വഴി ഇടപാടുകാര്‍ക്ക് വാങ്ങി നല്‍കും.
പിടിയിലാകുമ്പോള്‍ ദമ്പതികള്‍ മാനസികവും ശാരീരികവുമായി ഏറെ തകര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു. ആലുവ ഡിവൈഎസ്പി എന്‍.ആര്‍. ജയരാജ്, സിഐ വിശാല്‍ കെ. ജോണ്‍സണ്‍, എസ്‌ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.