ആലപ്പുഴ: സീനിയര്‍ വിദ്യാര്‍ഥിനിയെ ബഹുമാനിച്ചില്ലെന്ന പേരില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തതായി പരാതി.
ആലപ്പുഴ സനാതന ധര്‍മ്മ മാനേജ്‌മെന്റ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്കു പരാതി നല്‍കി. വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ക്രിസ്മസ് ആഘോഷത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയെ ചേച്ചിയെന്നു വിളിക്കാതെ പേരു വിളിച്ചതിനാണു ക്ലാസില്‍ നിന്നു വിളിച്ചിറക്കി വരാന്തയില്‍ വച്ച് അക്രമിച്ചത്.
കരണത്തടിക്കുകയും മതിലില്‍ മുഖം ഉരയ്ക്കുകയും കഴുത്തില്‍ പിടിച്ചു ഞെക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ആക്രമണത്തില്‍നിന്നു രക്ഷിക്കാന്‍ എത്തിയ കൂട്ടുകാരിയെ തള്ളിയിടുകയും ചെയ്തു. പ്രിന്‍സിപ്പലിനോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പിന്നെയും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.
പരാതി അന്വേഷിക്കാന്‍ സൗത്ത് സ്റ്റേഷനു കൈമാറിയതായി ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നു കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെയും പരാതിക്കാരിയുടെയും മാതാപിതാക്കളോട് കോളജില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിക്കു ശേഷം കോളജ് തുറക്കുമ്പോള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.