ആലപ്പുഴ നൂറനാട്ട്‌ യുവാക്കള്‍ തമ്മിലടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു

29

ആലപ്പുഴ: തമ്മിലടിച്ചതിനെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവ് മരിച്ചു. സ്വകാര്യ ബസ് ഡ്രൈവര്‍ വള്ളികുന്നം വട്ടയ്ക്കാട് സ്വദേശി രഞ്ജിത്ത് (34) ആണ് മരിച്ചത്.

സംഘത്തിലുള്ള മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വള്ളികുന്നം കണ്ണനാകുഴി സ്വദേശി സുനില്‍ കുമാര്‍, വള്ളികുന്നം സ്വദേശി ശ്രീരാജ്, കാഞ്ഞിരത്തുംമൂട് സ്വദേശി സനു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisements

ഇവരില്‍നിന്ന് വാറ്റ് ചാരായവും, ബൈക്കുകളും, മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന താമരക്കുളം സ്വദേശി ഷാനുവിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഉളവുക്കാട് എന്‍ജിനീയറിംഗ് കോളേജിനടുത്തായി സുനില്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. സുനിലിന്റെ ഭാര്യ വീട്ടിലില്ലായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘങ്ങള്‍ തമ്മില്‍ വഴക്കും അടിയും നടന്നതായി പൊലീസ് പറഞ്ഞു.

മര്‍ദ്ദനമേറ്റ രഞ്ജിത്ത് ബൈക്കിന്റെ പിന്നില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടത്തിലുള്ള ഒരാള്‍ വലിച്ചു താഴെയിട്ട് മര്‍ദ്ദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നൂറനാട് പൊലീസ് എത്തിയപ്പോഴേക്കും രഞ്ജിത്ത് മരിച്ചിരുന്നു. മുഖത്തും, തലയ്ക്കും, ശരീരഭാഗങ്ങിലും മര്‍ദ്ദനമേറ്റതിന്റെയും പാടുകളുണ്ട്.

വാടക വീട് കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടത്തി വന്നതായി പൊലീസ് പറഞ്ഞു. സംഘത്തിലുള്ളവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കി

Advertisement