ഒന്നര വയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. അമ്മയെ അറസ്റ്റ് ചെയ്തു.
പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാർഡിൽ കൊല്ലംവെളി കോളനിയിൽ ഷാരോണ്‍ ആതിര ദമ്പതികളുടെ മകൾ ആദിഷയാണു കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപ്പോൾ വീട്ടിൽ കുട്ടിയും അമ്മ ആതിരയും മുത്തച്ഛൻ ബൈജുവുമായിരുന്നു ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12 വരെ പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി വീട്ടിലേക്കു കയറി. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന ബൈജുവിന്റെ അടുത്തെത്തി കളിച്ചശേഷം അടുത്ത മുറിയിലേക്കു പോയി.
അല്പസമയത്തിനു ശേഷം അടുത്ത മുറിയിൽനിന്നു കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ ബൈജു എന്താണെന്നു തിരക്കിയെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ആതിര നൽകിയത്.
ഒന്നരയോടെ ആതിര കുട്ടിയെ തോളിലിട്ടുകൊണ്ട് അടുത്ത വീട്ടിൽചെന്നു കുട്ടി അനങ്ങുന്നില്ലെന്നു പറഞ്ഞു. എന്തുകൊണ്ട് വീട്ടിലുള്ള മുത്തച്ഛനെ അറിയിച്ചില്ല എന്ന് ആതിരയോടു ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി.
തുടർന്ന് അയൽവാസികളോടൊപ്പം കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, കുട്ടി മണിക്കൂറുകൾക്കു മുന്‍പേ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്നു പോലീസെത്തി മേൽനടപടി സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്നു തെളിഞ്ഞത്. മൃതദേഹം വീട്ടിലെത്തിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ സംസ്കരിച്ചു.
തുടർന്ന് പട്ടണക്കാട് പോലീസെത്തി കുട്ടിയുടെ പിതാവ് ഷാരോണ്‍, അമ്മ ആതിര, മുത്തശ്ശി പ്രിയ, മുത്തച്ഛൻ ബൈജു എന്നിവരെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ചേർത്തല എഎസ്പി ആർ. വിശ്വനാഥ്, പട്ടണക്കാട് എസ്ഐ അമൃത് രംഗൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ ആതിരയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു സമ്മതിച്ചു.
ഭർത്താവിന്റെ മാതാപിതാക്കളോട് കുട്ടിക്കുള്ള അടുപ്പമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. രാത്രിയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.