പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. വിവാഹഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയായ യുവതിയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തുവച്ചാണ് സംഭവം. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതിയെ റോഡില്‍വച്ച് പ്രതി തടഞ്ഞു നിര്‍ത്തുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
കൈയില്‍ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്.തീയാളുന്നത് കണ്ട നാട്ടുകാര്‍ യുവതിയുടെ ശരീരത്തില്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.
പിന്നീട്, ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്ത് ഇരുവരും പ്രണയത്തിലായിരുന്നു വെന്നും പിന്നീട് പ്രണയം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയത് യുവതി നിരസിച്ചിരുന്നു. ഇതിന്റൈ വൈരാഗ്യത്തിലാണ് യുവാവ് കൃത്യം ചെയ്തത്.
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു.
ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. ഇന്ന് രാവിലെ ചിലങ്ക ജം?ഗ്ഷനില്‍ കാത്തു നിന്ന യുവാവ് പെണ്‍കുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. അറുപത് ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മുഖവും മുടിയും ഭാഗികമായി കത്തിയമര്‍ന്ന നിലയിലാണ്. ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെണ്‍കുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുകള്‍ പറയുന്നത്. നാല് ദിവസമായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു എന്നും അവര്‍ പറയുന്നു.