തൃശ്ശൂര്‍: കേരളവര്‍മ്മ കോളജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെ യുവ കവി എസ് കലേഷിന്റെ കവിതാ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും കോപ്പിയടി വിവാദം.
ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് ആരോപണം. കേരളവര്‍മ്മ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ് ആരോപണവുമായി രംഗത്ത് വന്നിരുന്നത്.
കേരളവര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്.
കടപ്പാട് വെയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി.
നേരത്തെ കവിതാമോഷണ വിവാദത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്ത് രംഗത്ത് വന്നിരുന്നു.
യുവ കവി എസ്. കലേഷിന്റെ കവിത തനിക്ക് നല്‍കിയത് സാമൂഹ്യപ്രവര്‍ത്തകന്‍ എം.ജെ ശ്രീചിത്രനാണെന്നാണ് ദീപ നിശാന്ത് വെളിപ്പെടുത്തിയത്. സ്വന്തം വരികളാണെന്ന് പറഞ്ഞാണ് ശ്രീചിത്രന്‍ കവിത തന്നതെന്നും എഴുത്തുകാരി കൂടിയായ ദീപ നിശാന്ത് പറഞ്ഞു.
താന്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. തനിക്ക് പറ്റിയത് വലിയ പിഴവാണ്. കവിതാമോഷണത്തില്‍ കലേഷിനോട് മാത്രമല്ല പൊതുസമൂഹത്തോട് മുഴുവന്‍ മാപ്പ് പറയുന്നു.
ഇതോടെ നൈതികതയെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ തനിക്ക് യോഗ്യതയില്ലാതായി. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതിന്റെ പ്രിവിലേജ് വിവാദത്തിന് ശേഷം ഉണ്ടായിട്ടില്ല.
സംഘപരിവാറിനേക്കാള്‍ വിമര്‍ശിച്ചത് ഇടതുപക്ഷമാണ്. ആ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും തനിക്ക് സംഭവിച്ച തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും ദീപ നിശാന്ത് പറഞ്ഞിരുന്നു.
യുവകവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത മോഷ്ടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ എകെപിസിടിഎ മാഗസിനിലാണ് ദീപ നിശാന്ത് പ്രസിദ്ധീകരിച്ചത്.
ഇതേ തുടര്‍ന്ന് 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചതെന്ന് ആരോപിച്ച് കവി കലേഷ് രംഗത്തു വരികയായിരുന്നു.
കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് കലേഷ് തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിഷയം വിവാദമായപ്പോള്‍ ദീപ നിശാന്ത് കലേഷിനോട് മാപ്പ് പറഞ്ഞ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
സംഗീതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Deepa Nisanth teacher ഈ വരികള്‍ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതു, ഞാന്‍ കേരളവര്മയില് പഠിക്കുമ്പോള്‍ കേട്ട് പരിചയിച്ച ഈ വരികള്‍ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രന്‍ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തത് .
താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി . തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തില്‍ എഴുതിയ ഒരു കവിതയിലെ രണ്ടു വരികള്‍ എടുത്ത് ബയോ ആകുബോള്‍ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകര്‍ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കില്‍ അത് അവരുടെ പ്രശ്‌നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല .
ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികള്‍ എഴുതിയ, താങ്കള്‍ പഠിച്ച, ഇപ്പോള്‍ പഠിപ്പിക്കുന്ന അതെ കേരള വര്‍മയില്‍ ( 2005 – 2008 ഫിസിക്‌സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കള്‍ കൊടുക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു .