അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി; ആഘോഷ തിമിര്‍പ്പില്‍ രാജ്യം

29

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ കൈമാറിയത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെടി കുര്യനാണ് സ്വീകരിച്ചത്.

ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാൻ വിംങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്.

Advertisements

ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ വിംങ് കമാന്‍ററെ കാത്ത് നിന്നത്.

ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ററെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വൻ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ നിലപാട്. സമാധാന സന്ദേശത്തിന്‍റെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്.

വാഗാ അതിര്‍ത്തിയിൽ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തൽ ചടങ്ങ് നടത്താറുള്ളത്.

എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പതാക താഴ്ത്തൽ ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു.

അഭിനന്ദിനെ വിട്ട് നൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ച ശേഷവും പ്രകോപനമുണ്ടായാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിംങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോക രാജ്യങ്ങൾ എടുത്ത നിലപാടും ഇന്ത്യക്ക് സഹായകമായി.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വാഗാ അതിര്‍ത്തിയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

നിര്‍മ്മലാ സീതാരാമൻ കശ്മീരിലായത് കൊണ്ട് വാഗയിലെത്താനായില്ല. ഇത്തരമൊരു കൈമാറ്റ ചടങ്ങിൽ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ട് നിൽക്കുന്നതാണ് നല്ലതെന്ന ധാരണയെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടു നിന്നത്.

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്.

‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

വാഗയില്‍ എത്തിച്ച അഭിനന്ദന്‍ വര്‍ത്തമനെ അമൃതസറിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും കൊണ്ടു പോകും.

Advertisement