ഇന്ത്യൻ ഉപനായകൻ രോഹിത്ത് ശർമ്മ കായിക ലോകത്തെ പുതിയ ബ്രാൻഡ് ഐക്കണായി വളരുകയാണ്. ഒരു പിടി ബ്രാൻഡുകളുടെ അമ്പാസിഡറാണ് നിലവിൽ രോഹിത്ത് ശർമ്മ. ദിവസത്തിന് ഒരു കോടി രൂപയാണ് രോഹിത് ശർമ്മയുടെ നിരക്ക്.
വർഷത്തിൽ രണ്ടു ദിവസം പൂർണമായും ബ്രാൻഡുകൾക്കായി ചെലവിടാമെന്ന മിനിമം ഗ്യാരണ്ടിയും ഹിറ്റ്മാൻ നൽകുന്നുണ്ട്. നിലവിൽ 22 ബ്രാൻഡുകളെ രോഹിത് ശർമ്മ പ്രതിനിധീകരിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം മാത്രം പത്തു പുതിയ ബ്രാൻഡുകൾ രോഹിത്തിനെ തേടിയെത്തി.
കഴിഞ്ഞവർഷം ബ്രാൻഡുകളുടെ എണ്ണം 12 ആയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം 73 മുതൽ 75 കോടി രൂപ വരെ ബ്രാൻഡുകളിൽ നിന്നും താരത്തിന് പ്രതിഫലം ലഭിക്കും. ടെസ്റ്റിൽ കൂടി ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമായതോടെ ബ്രാൻഡുകളോട് വാങ്ങുന്ന പ്രതിഫലവും ഹിറ്റ്മാൻ കൂട്ടിയിട്ടുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് 55 ശതമാനം വർദ്ധനയാണ് രോഹിത് കൈക്കൊണ്ടിരിക്കുന്നത്. വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും മാത്രമാണ് ബ്രാൻഡ് മൂല്യത്തിൽ രോഹിത്തിന് മുമ്പിലുള്ള മറ്റു ഇന്ത്യൻ താരങ്ങൾ.
25 ബ്രാൻഡുകൾക്ക് വേണ്ടിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പ്രത്യക്ഷപ്പെടുന്നത്. ധോണിയാകട്ടെ ഇപ്പോൾ 12 ബ്രാൻഡുകൾക്ക് വേണ്ടിയും പരസ്യം ചെയ്യുന്നു. മൂന്നു മുതൽ നാലു കോടി രൂപ വരെയാണ് ദിവസത്തിന് കോഹ്ലി ബ്രാൻഡുകളോട് ഈടാക്കുന്നത്.