മറയൂര്‍: ബൈക്ക് യാത്രികനെ ആക്രമിക്കാന്‍ വന്ന കാട്ടാന ഒപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരന്റെ കരച്ചില്‍ കേട്ടതോടെ പിന്‍വാങ്ങി. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് ഭാഗത്താണ് ഏവരെയും അതിശയിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബൈക്ക് യാത്രക്കാരനെ ആക്രമിക്കാന്‍ വന്ന കാട്ടാന കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പിന്‍വാങ്ങി.
മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് ഭാഗത്താണു സംഭവം. കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി ഗണേശന്‍ (32) മൂന്നു വയസ്സുള്ള മകന്‍ മണിയുമായി രാത്രി ഏഴുമണിയോടെ ബൈക്കില്‍ വരുമ്പോഴായിരുന്നു കാട്ടാന മുന്നില്‍വന്നത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ചെടികളുടെ ഇടയില്‍ നിന്നും പാഞ്ഞുവരുന്ന കാട്ടാനയെ ശ്രദ്ധയില്‍പ്പെട്ട ഗണേശന്‍ ബൈക്ക് പെട്ടെന്ന് തിരിക്കുകയായിരുന്നു.
എന്നാല്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതോടെ ഗണേശന്റെ കാല്‍ ടയറിനടിയില്‍പ്പെട്ടു. എണീക്കാന്‍ വയ്യാതെ കിടന്ന ഗണേശന്റെ പക്കലിലേയ്ക്ക് ആന ചീറിപാഞ്ഞ് വരുന്നത് കണ്ടതോടെ സമീപത്തു നിന്നിരുന്ന മൂന്നു വയസ്സൂകാരന്‍ അലമുറയിട്ട് കരയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കണ്ട ആന ഗണേശനെ യാതൊന്നും ചെയ്യാതെ മടങ്ങുകയായിരുന്നു. ബൈക്ക് മറിഞ്ഞുവീണപ്പോള്‍ കാലിനു ചെറിയ മുറിവുണ്ടായതല്ലാതെ മറ്റു പരിക്കുകളൊന്നും ഗണേശിനില്ല.