തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ നിർദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവൻമുകൾ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. 21 വയസ് മാത്രം പ്രായമുള്ള ആര്യ ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
യുവത്വത്തെ അധികാരമേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്യയെ തിരഞ്ഞെടുത്തത്. ഭരണ പരിചയം ഇല്ല എന്ന കാരണങ്ങളാൽ മുതിർന്ന നേതാക്കളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും അതെല്ലാം മറികടന്നാണ് ആര്യയെ മേയർസ്ഥാനത്തേക്ക് എത്തിയത്.
ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.
നഗരത്തിൽ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയർ സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചത്.
നേരത്തെ വികെ പ്രശാന്തിന്റെ കീഴിൽ മികച്ച പ്രവർത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവർത്തനത്തിന്റെ തുടർച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. 21 വയസുകാരിയായ ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്ക് സ്വന്തമാകും.
പാർട്ടി ഏൽപ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ് പറഞ്ഞു. ബിഎസ്‌സി മാത്ത്സ് വിദ്യാർത്ഥിയാണ് ആര്യ.
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു ആര്യ. 2872 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി ശ്രീകല( 41), എൻഡിഎ സ്ഥാനാർത്ഥി ശകുന്തളദേവി( 52) എന്നിവരെ പിൻതള്ളിക്കൊണ്ടാണ് ആര്യ വിജയിച്ചത്. കോളേജിലും പൊതു തെരഞ്ഞെടുപ്പിലും പ്രവർത്തിച്ച് പരിചയമുള്ള ആര്യ സ്ഥാനാർത്ഥിയായി ഇറങ്ങിയത് യുവത്വത്തിന്റെ പ്രസരിപ്പുമായാണ്.
ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്‌സി.മാത്സ് വിദ്യാർത്ഥിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്റ് ശ്രീലതയുടെയും മകളാണ് ആര്യ.