സാഹചര്യം മുതലെടുക്കാം എന്ന് കരുതരുതെന്ന് മുഖ്യമന്ത്രി: ലോക്ഡൗൺ നിബന്ധനകൾ തെറ്റിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ

48

തിരുവനന്തപുരം: കേരളത്തിൽ 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവർത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതിൽ ആറു പേർ കാസർകോട് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. 8 പേർ ദുബായിൽനിന്ന് എത്തിയവരാണ്.

ഖത്തറിൽനിന്നും യുകെയിൽനിന്നും എത്തിയ ഓരോ ആൾക്കാരിലും രോഗം കണ്ടെത്തി. 72,460 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്നു മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4516 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്.

Advertisements

അതിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള ഇടപെടലാണു വേണ്ടത്. എന്നാൽ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നലെ തന്നെ ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ട്.
എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്‌സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങൾ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.

സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേർ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം.

കാസർകോട് ജില്ലയിൽ നേരത്തേ തീരുമാനിച്ചപോലെ തന്നെ തുടരും. എല്ലാവർക്കും ഇതു ബാധകമാണെന്ന് ഓർക്കണം. സ്വകാര്യ വാഹനങ്ങളിൽ ആൾക്കാർ പുറത്തിറങ്ങുന്നൊരു പ്രവണത ഇന്നു കണ്ടിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തുപോകാനാണ് അനുമതിയുള്ളത്. ഇത് ഒരു അവസരമായി എടുക്കരുത്. യാത്രക്കാരിൽനിന്നു സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യവാങ്മൂലത്തിൽ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ കർശന നടപടിയാണ് കാത്തിരിക്കുന്നത്. പൊലീസ് നടപടി ശക്തമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാസർകോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി.

സുഹൃത്തുകളുടെ വീട്ടിൽ പോകുക, ക്ലബിൽ പോകുക, വായനശാലയിൽ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പാടില്ല. നമ്മുടെ സംസ്ഥാനത്ത് ഡിപ്പാർട്ടമെന്റൽ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക്-പച്ചക്കറികടകൾ, പാൽ, മുട്ട, ഇറച്ചി എന്നിവ വിൽക്കുന്ന കടകളും ബേക്കറികളും ഉണ്ട്. ഇവയെല്ലാം രാവിലെ എഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ച സമയം തന്നെ തുടരും.

സ്വകാര്യ വാഹനങ്ങളിൽ ആളുകൾ കൂടുതലായി ഇറങ്ങുന്ന സാഹചര്യം ഇപ്പോൾ കാണുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാനാണ് ഇപ്പോൾ അനുമതി. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ എന്തിനാണ് യാത്ര എപ്പോൾ തിരിച്ചെത്തും ഏതു വാഹനം എന്നെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം തയ്യാറാക്കാൻ ആലോചിക്കുന്നുണ്ട്. യാത്ര പോകുന്നവർ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അതു പൂരിപ്പിക്കണം.

ആളുകളുടെ അത്യാവശ്യത്തിനായാണ് കടകൾ തുറക്കുന്നത്. അല്ലാതെ ആഡംബരത്തിനും ആഘോഷത്തിനുമല്ല. സാധനങ്ങൾ വാങ്ങാൻ കടയിൽ വരുന്നവർ എത്രയും പെട്ടെന്ന് സാധനം വാങ്ങി മടങ്ങിപ്പോകണം. അനാവശ്യമായി അവിടെ കിടന്ന് കറങ്ങരുത്. ആളുകളുമായി നിശ്ചിത അകലം പാലിക്കണം.

ഈ സാഹചര്യം മുതലെടുക്കാം എന്ന് വ്യാപാരികൾ കരുതരുത്. സാധനങ്ങളുടെ വില കൂട്ടുകയോ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാവും. ഈ ഒരു പ്രവണത ചില കോണുകളില്ലെങ്കിലും ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തും. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവും.

അവശ്യസർവ്വീസുകൾക്കായി പുറത്തിറങ്ങുന്നവർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും അവരവരുടെ കാർഡുകൾ തന്നെ ഉപയോഗിച്ചാൽ മതി. കടകളിലും മറ്റു ജോലി ചെയ്യുന്നവർ പാസ് ഉപയോഗപ്പെടുത്താം മുഖ്യമന്ത്രി പറഞ്ഞു.

ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്ലാതെ റോഡുകളിൽ കിടന്നുറങ്ങുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement