പല ചതിക്കുഴികളിലും സോഷ്യൽ മീഡിയകളിലൂടെ പെട്ടുപോകുന്നവർ ഇന്ന് ധാരാളമാണ്. ഇതിൽ പ്രധാനമാണ് ഹണി ട്രാപ്. ഇപ്പോഴിതാ പത്തനംതിട്ട ജില്ലയിലെ പന്തളത്ത് നിന്നും പുറത്തെത്തുന്ന ഒരു വാർത്തയും ഇതിനോട് സമാനമായതാണ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് യുവാവിൽ നിന്നും 11 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്ത്. ഈ തട്ടിപ്പിന് എല്ലാ സഹായവുമായി യുവതിക്ക് ഒപ്പം നിന്നത് സ്വന്തം ഭർത്താവും.കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവ്വതി ടി പിള്ള എന്ന 31കാരിയാണ് ഈ തട്ടിപ്പുകാരി.
ഇവരുടെ ഭർത്താവ് സുനിൽ ലാൽ എന്ന 43കാരനും പാർവ്വതിയ്ക്കൊപ്പം തട്ടിപ്പിന് കൂട്ടു നിന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് പാർവ്വതിയും ഭർത്താവ് സുനിൽ ലാലും അറസ്റ്റിലായത്. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവം ഇങ്ങനെ:
കുളനട സ്വദേശിയും പാർവ്വതിയും 2020 ഏപ്രിലിലാണ് ഫേസ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. താൻ അവിവാഹിതയാണെന്നും പുത്തൂരിലെ സ്‌കൂളിൽ അധ്യാപിക ആണെന്നും ആയിരുന്നു പാർവ്വതി യുവാവിനോട് പറഞ്ഞിരുന്നത്.
എസ് എൻ പുരത്ത് സുനിൽ ലാലിന്റെ വീട്ടിൽ പെയിങ് ഗസ്റ്റ് ആയി താമസിക്കുകയാണെന്നും പറഞ്ഞു. ഇതിനിടെ പാർവ്വതി വിവാഹ താത്പര്യം അറിയിച്ചു. മാത്രമല്ല ഇതിനോടൊപ്പം യുവാവിൽ നിന്നും പണവും ആവശ്യപ്പെട്ടു.
തനിക്ക് പത്ത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മ രി ച്ചു പോയെന്നും വസ്തു സംബന്ധമായ കേസിന്റെ ആവശ്യത്തിന് പണം വേണമെന്നുമായിരുന്നു പാർവ്വതി യുവാവിനോട് പരഞ്ഞത്. പിന്നീട് ചികിത്സയുടെ പേരിലും പണം ചോദിച്ചു.
ഇത്തരത്തിൽ പലപ്പോഴായി യുവാവ് ബാങ്ക് വഴിയും അല്ലാതെയുമായി 11,07,975 രൂപ പാർവ്വതിക്ക് നൽകി. പാർവ്വതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്ക്ക് എടുത്ത് നൽകിയതിന് 8,000 രൂപയും ചിലവാക്കി.
വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ പാർവ്വതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി.
വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവ് ആണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറിഞ്ഞത്. തുടർന്ന് ഇവർക്ക് എതിരെ യുവാവ് പരാതി നൽകുകയായിരുന്നു.