മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ മധുരരാജയുടെ നിർമ്മാതാവ് നെൽസൺ ഐപ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് നെൽസൺ ഐപ്പ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.
തൃശ്ശൂർ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാർഡായ വൈശ്ശേരിയിൽ നിന്നാണ് നെൽസൺ മത്സരിക്കുന്നത്. നെൽസൺ തന്നെയാണ് തന്റെ സ്ഥാനാർത്ഥിത്വം സ്ഥരീകരിച്ചത്. ‘ഈ നാടിന്റെ പ്രതീക്ഷയാണ് നെൽസേട്ടൻ’ എന്ന ക്യാപ്ഷനോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ നെൽസൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
വിദേശത്ത് ആയിരുന്ന നെൽസൺ കഴിഞ്ഞ വർഷമാണ് മധുരരാജ നിർമ്മിച്ചത്. ചിത്രത്തിന് മൂന്നാം ഭാഗം മിനിസ്റ്റർരാജ വരുന്നു എന്ന സൂചനകളുമുണ്ട്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
അതേ സമയം സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ വൈസ് ചെയർമാനുമായ പിഎം സുരേഷ് ആണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി ലജേഷ് കുമാർ കൂടി എത്തുന്നതോടെ വാർഡിൽ മത്സരം കടുത്തു.
സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതാനുഭവങ്ങളുമായി രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് നെൽസൺ ഐപ്പ്. നാട്ടിലും വിദേശത്തും ലോറി ഡ്രൈവറായി ജോലി ചെയ്താണ് ജീവിതം തുടങ്ങിയത്. 25 കോടിയോളം രൂപ മുടക്കി മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നു നിർമ്മിച്ചു മുൻനിര നിർമ്മാതാക്കളുടെ നിരയിൽ ഇടംപിടിക്കാൻ നെൽസണിനു കഴിഞ്ഞു.
30 വർഷം മുൻപാണ് വിദേശത്തു പോയത്. ചെറുപ്പം മുതൽ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ലോറി ഡ്രൈവറായി ദീർഘകാലം ജീവിച്ച നെൽസണിന്റെ ഉടമസ്ഥതയിലിപ്പോൾ ദുബായ് ആസ്ഥാനമായി കേരള ട്രാൻസ്‌പോർട്ട് കമ്മിറ്റി പ്രവർത്തിക്കുന്നു. ബിസിനസ് മക്കളെ ഏൽപിച്ച ശേഷമാണ് പൊതു പ്രവർത്തനത്തിൽ സജീവമായത്.
അതേ സമയം ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 45 ദിവസങ്ങൾ കൊണ്ടാണ് 104 കോടിയുടെ ബിസിനസ് വിജയം സ്വന്തമാക്കിയത്. നൂറ് കോടി എന്നത് സത്യമാണെന്നും തള്ളൽ ആല്ലെന്നും വ്യക്തമാക്കി നേരന്നെ നെൽസൺ രംഗത്തെത്തിയിരുന്നു.
ആദ്യ സിനിമാ സംരംഭം ഒക്കെ ആവുമ്പോൾ അത് എത്ര ഉണ്ടെങ്കിലും തള്ളലോ കള്ളമോ പറയാൻ തനിക്കോ മമ്മൂക്കയ്‌ക്കോ താല്പര്യമില്ലെന്നും നെൽസൺ ഐപ്പ് പറഞ്ഞു. നമ്മുടെ ഈ പടത്തിനെ പറ്റി തള്ളൽ വേണ്ടെന്നും, ജനഹൃദയങ്ങളിലേക്കാണ് ഈ പടം കയറേണ്ടതെന്നും മമ്മൂക്ക പ്രത്യേകം പറഞ്ഞിരുന്നു. അതു പ്രകാരമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.