ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിലവിലെ പരിശീലകൻ രവി ശാസ്ത്രി തുടരുമെന്ന് ബിസിസിഐ അറിയിച്ചു. രണ്ട് വർഷത്തേക്കാണ് രവി ശാസ്ത്രിയുടെ കരാർ പുതുക്കി നൽകിയത്.
കപിൽ ദേവ്, അൻഷുമാൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർ അടങ്ങിയ സമിതിയുടേതാണ് തീരുമാനം.
രവി ശാസ്ത്രിക്ക് പുറമെ, ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുൻ കോച്ചും ഓസ്ട്രേലിയൻ മുൻതാരവുമായ ടോം മൂഡി, ന്യൂസിലൻഡിന്റെയും ഐപിഎൽ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസൻ, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യൻ ടീമിന്റെ മാനേജർ ആയിരുന്ന ലാൽചന്ദ് രജ്പുത്, എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.
നായകൻ വിരാട് കോലിയുടെ അടക്കം പിന്തുണ ഉണ്ടായിരുന്നത് ശാസ്ത്രിക്ക് നറുക്ക് വീഴാൻ കാരണമായത്. 2017ൽ അനിൽ കുംബ്ലേയ്ക്ക് പകരം ചുമതലയേറ്റ ശാസ്ത്രിക്ക് കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്.
അഭിമുഖത്തിൽ രവിശാസ്ത്രിയ്ക്ക് കൂടുതൽ മാർക്ക് ലഭിച്ചുവെന്ന് കപിൽദേവ് പറഞ്ഞു. നിലവിൽ വിൻഡീസ് പര്യടനത്തിലുള്ള ശാസ്ത്രി സ്‌കൈപ്പ് വഴിയാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
ന്യൂസിലാന്റ് കോച്ച് മൈക്ക് ഹസൻ, മുൻ ആസ്‌ട്രേലിയൻ ഓൾറൗണ്ടറും ശ്രീലങ്കയുടെ കോച്ചുമായ ടോം മൂഡി, എന്നിവർ രവി ശാസ്ത്രിയ്ക്ക് വലിയ വെല്ലുവിളി ഉയർത്തി. അഭിമുഖത്തിൽ മൈക്ക് ഹസൻ രണ്ടാമതും ടോം മൂഡി മൂന്നാമതുമായി.
2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി. ഇത് മൂന്നാം തവണയാണ് ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. 2014 മുതൽ 2016 വരെ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി 2017 ൽ അനിൽ കുംബ്ലെ പരിശീലകസ്ഥാനത്ത് നിന്ന് രാജിവെച്ചതോടെയാണ് മുഖ്യപരിശീലകനാകുന്നത്.
സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉൾപ്പെട്ടിരുന്ന ക്രിക്കറ്റ് ഉപദേശകസമിതിയാണ് 2017ൽ രവി ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുത്തത്. അന്നും ടോം മൂഡി, രവി ശാസ്ത്രിയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു.
രവി ശാസ്ത്രിയ്ക്ക് കീഴിൽ ഇന്ത്യ ആദ്യമായി ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഇന്ത്യ ഏകദിനപരമ്പര ജയിച്ചതും ശാസ്ത്രിയ്ക്ക് കീഴിലായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കുള്ള അപേക്ഷകരിൽ ആറ് പേരെ നേെേരത്ത ബി.സി.സി.ഐ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. ശാസ്ത്രി, ടോം മൂഡി, മൈക്ക് ഹസൻ എന്നിവരെ കൂടാതെ അഫ്ഗാനിസ്ഥാൻ കോച്ചും വെസ്റ്റ് ഇൻഡീസ് ഔൾറൗണ്ടറുമായ ഫിൽ സിമ്മൻസ്, മുൻ ഇന്ത്യൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് റോബിൻ സിംഗ് എന്നിവരാണ് അപേക്ഷകരിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.
വിൻഡീസ് പര്യടനത്തിന് മുൻപ് ശാസ്ത്രി തന്നെ പരിശീലകസ്ഥാനത്ത് തുടരണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞിരുന്നു.