ഇക്കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ തികച്ച് തകർപ്പൻ ഫോമിൽ ബാറ്റേന്തിയ ഹിറ്റ്മാൻ രോഹിത് ശർമ്മയ്ക്ക് പക്ഷെ വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിൽ പിഴച്ചു. കളിച്ച രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗിൽ തിളങ്ങാനായില്ല. 18, 10 എന്നിങ്ങനെയാണ് രോഹിത്ത് സ്‌കോർ ചെയ്തത്.
അതെസമയം നായകൻ വിരാട് കോഹ്ലിയാകട്ടെ ഇന്ത്യയ്ക്കായി രണ്ടിംഗ്സിലും സെഞ്ച്വറി നേടുകയും ചെയ്തു. ലോകകപ്പിൽ ഒരു സെഞ്ച്വറി പോലും കണ്ടെത്താനാകാത്ത ക്ഷീണം കോഹ്ലി മാറ്റിയത് വിൻഡീസ് പര്യനത്തിലാണ്.
വെസ്റ്റിൻഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ മികച്ച ഫോമിലായിരുന്നു രോഹിത്ത്.
എന്നാൽ നിർഭാഗ്യം കൊണ്ട് രോഹിത്ത് റണ്ണൗട്ടാകുകയായിരുന്നു. കളിക്കളത്തിൽ ശിഖർ ധവാന് സംഭവിച്ച ആശയക്കുഴപ്പമാണ് രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിലേക്കെത്തിയത്. മത്സരത്തിൽ മൂന്നാം ഓവറിലെ നാമാത്തെ പന്തിലാണ് രോഹിത്ത് നിർഭാഗ്യകരമായി പുറത്തായത്.
റോഞ്ചിന്റെ പന്തിൽ ശിഖർ ധവാന്റെ കനത്ത ഷോട്ട് മനോഹരമായി ഫീൽഡർ അലൻ തടഞ്ഞിടുകയായിരുന്നു. എന്നാൽ രോഹിത്ത് ഇത് ശ്രദ്ദിക്കാതെ റണ്ണിനായി ഓടി. എന്നാൽ ധവാൻ ബൗണ്ടറി പോകുമെന്ന് പ്രതീക്ഷിച്ച് ക്രീസിൽ തന്നെ നിൽകുകയായിരുന്നു.
ഇതോടെ അലൻ പന്ത് ബൗളർ റോഞ്ചിയ്ക്ക് കൈമാറി. റോഞ്ചി പന്ത് സ്റ്റംമ്പ് ചെയ്യുകയും ചെയ്തു. രോഹിത്താകട്ടെ തിരിച്ചോടി ക്രീസിലെത്തുന്നതേ ഉണ്ടായിരുന്നുളളു. ഇതോടെ ആറ് പന്തിൽ രണ്ട് ബൗണ്ടറി സഹിതം 10 റൺസുമായി രോഹിത്ത് മടങ്ങി.