കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലായിടത്തും ഊർജിതമായി നടന്നുകൊണ്ടിരിക്കുകാണ്. സിനിമാ താരങ്ങൾ അടക്കമുളളവരെല്ലാം രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ജന്മനാടായ വയനാട്ടിലാണ് സണ്ണി വെയൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
മഴ എറ്റവും കൂടുതൽ ബാധിച്ച ജില്ലയിലൊന്നാണ് വയനാട്. വെളളപ്പൊക്കവും ഉരുൾപൊട്ടലുമെല്ലാം വന്ന് ദുരിതത്തിലായിരിക്കുകയാണ് വയനാട്ടുകാർ. ഇതിനിടെയാണ് ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് സണ്ണി വെയ്ൻ പ്രവർത്തിക്കുന്നത്. തനിക്ക് പറ്റുന്ന സഹായങ്ങൾ എല്ലാം ചെയ്തുകൊണ്ട് അവരിലൊരാളായി താരം എപ്പോഴുമുണ്ട്.
സമൂഹമാധ്യമത്തിലൂടെയും നടൻ സജീവമായി രംഗത്തുണ്ട്. പുതിയ അറിയിപ്പുകളും ബോധ വൽക്കരണവുമെല്ലാം സമൂഹമാധ്യമങ്ങളിലെ വിവിധ അക്കൗണ്ടുകളിലൂടെ താരം പങ്കുവയ്ക്കുന്നുണ്ട്.
സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിൽ ഏറ്റവുമധികം ദുരിതം നേരിട്ട കവളപ്പാറയിലേക്ക് കാഴ്ചക്കാരായി ആളുകൾ വരുന്നതിനെ വിമർശിച്ച് സണ്ണി വെയ്ൻ രംഗത്തുവന്നിരുന്നു.
ഉരുൾപ്പൊട്ടൽ നടന്ന സ്ഥലം കാണാനെത്തുന്ന ആളുകളുടെ തിരക്ക് മൂലം രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമെന്ന് സണ്ണി വെയ്ൻ പറഞ്ഞു.
കാഴ്ചക്കാരായി വരുന്നവരുടെ വാഹനങ്ങളുടെ തിരക്ക് മൂലം രക്ഷാപ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നും സണ്ണി വെയ്ൻ പറയുന്നു. ‘കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി അല്ല കെട്ടോ, ലീവ് ആയത് കൊണ്ട് ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണത്രേ.
ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവർത്തകർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റർ കണക്കിന് ബ്ലോക്കാണ്, ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ കുടിങ്ങി കിടക്കുന്നു. കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം,’ സണ്ണി വെയ്ൻ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഏറെ നാശം വിതച്ച മലബാർ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമാണ് സണ്ണി വെയ്ൻ. നേരത്തെ ഉരുൾപൊട്ടൽ മേഖലയായ നിലമ്പൂർ പോത്തുകല്ലിൽ പോർട്ടബിൾ ടവർ വേണമെന്ന ആവശ്യവുമായി താരം രംഗത്തു വന്നിരുന്നു.