കൽപ്പറ്റ: കേരളത്തെ തകർത്തുകളഞ്ഞ കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കി ചെറുതോണി പാലത്തിന് മുകളിലൂടെ പിഞ്ചു കുഞ്ഞിനെയും എടുത്ത് ഒരാൾ ഓടുന്ന രംഗം ആരും മറന്ന് കാണില്ല. ദേശീയ ദുരന്ത നിവാരണ സേനാംഗമായ കനയ്യ കുമാറായിരുന്നു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അതിസാഹസികമായി പാലം മുറിച്ചുകടന്നത്.
ഇത്തവണയും കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി കനയ്യ എത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലാണ് കനയ്യ എത്തിയത്. കഴിഞ്ഞ നാല് ദിവസമായി ബീഹാറുകാരനായ കനയ്യ വയനാട്ടിലുണ്ട്. എൻഡിആർഎഫിന്റെ നാലാം ബറ്റാലിയനോടൊപ്പമാണ് കനയ്യ വന്നത്.
ഇത്രയും വലിയ ഉരുൾപൊട്ടൽ ഇതാദ്യമായാണ് നേരിടുന്നത്. അവസാനത്തെ ആളെയും കണ്ടെത്താനാണ് വന്നതെന്ന് കനയ്യ പറഞ്ഞു. കേരളത്തിൽ നിന്ന് തരുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കനയ്യയുടെ നേതൃത്വത്തിൽ പ്രദേശത്തുനിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രളയം വിഴുങ്ങിയ ഇടുക്കിയിൽ നിന്നായിരുന്നു പനിച്ച് വിറയ്ക്കുന്ന കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കനയ്യയുടെ ഓട്ടം. വാഴയ്‌ത്തോപ്പ് പഞ്ചായത്തിലെ വിജയ രാജുവിന്റെയും മഞ്ജുവിന്റെയും മകൻ സൂരജിനെയാണ് കനയ്യ സാഹസികമായി രക്ഷിക്കുന്നത് നമ്മൾ ശ്വാസമടക്കിപ്പിടിച്ച് കണ്ടത്. കേരളം ഒരിക്കൽ കൂടെ പ്രതിസന്ധിയിലായപ്പോൾ കൈപ്പിടച്ചെഴുന്നേൽപ്പിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് കനയ്യ.