ഉദുമ(കാസർഗോഡ്): പൊയിനാച്ചിയിൽ മൂന്നുമാസം മുൻപ് പ്രണയിച്ച് വിവാഹിതരായ യുവാവിനെയും യുവതിയെയും വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദുമ പാക്യാര കൊത്തിയംകുന്നിൽ ജിഷാന്ത് (28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി (22) എന്നിവരാണ് ജീവനൊടുക്കിയത്.
പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ഓടിട്ട ക്വാർട്ടേഴ്സിന്റെ കിടപ്പുമുറിയിലാണ് സംഭവം. സമീപത്തെ മുറിയിൽ താമസിക്കുന്ന സ്ത്രീ ആളനക്കം കേൾക്കാത്തതിനാൽ വെള്ളിയാഴ്ച രാവിലെ ക്വാർട്ടേഴ്സ് ഉടമയുടെ വീട്ടിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് പരിശോധന നടന്നത്. മുറിയുടെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കളവാതിലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് സംഭവമറിയുന്നത്.
ഉടൻ മേൽപ്പറമ്പ് പോലീസിൽ വിവരമറിയിച്ചു. കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, മേൽപ്പറമ്പ് പ്രിൻസിപ്പൽ എസ്ഐപി പ്രമോദ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാസർകോട് താലൂക്ക് തഹസിൽദാർ കെ മുരളീധരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവിനെയും രണ്ടു വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് ജയകുമാരി ജിഷാന്തുമായി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ജയയെയും കുട്ടിയെയും കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ കഴിഞ്ഞ നവംബർ 27 ന് ഹൊസ്ദുർഗ് പോലീസ് ബാലനീതിവകുപ്പ് സെക്ഷൻ 75 ഉൾപ്പെടെ ചേർത്ത് കേസെടുത്തിരുന്നു.
പിന്നീട് ജിഷാന്തിന്റെ കൂടെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരായി ജുവൈനൽ കേസിൽ ജാമ്യമെടുത്ത ജയകുമാരിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയും കുട്ടി അച്ഛന്റെ കൂടെ പോകുകയും ചെയ്തു. വിവാഹിതരായശേഷമാണ് ജിഷാന്തും ജയയും പരവനടുക്കത്തെ വാടക ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. മാർക്കറ്റിങ് ഫീൽഡിൽ ജയ പ്രവർത്തിച്ചിരുന്നപ്പോഴാണ് ജിഷാന്തുമായി അടുത്തതെന്നാണ് സൂചന. പെയിന്റിങ് തൊഴിലാളിയാണിയാൾ. ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ് ജിഷാന്ത്.