കോഴിക്കോട്: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയജലമിറങ്ങിയതോടെ അഭയം തേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ 1300 പേരും വീടുകളിലേക്ക് തിരിച്ചു പോയി. എന്നാൽ, കോഴിക്കോട് മണക്കാട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ബാക്കിയായത് ഒരേയൊരു കുടുംബം മാത്രമാണ്.
ക്യാമ്പിൽ കുഴഞ്ഞുവീണ് മരിച്ച നാടോടിയായ രാജുവിൻറെ മക്കളും ബന്ധുക്കളുമാണ് എങ്ങോട്ട് പോകണമെന്നറിയാതെ ക്യാമ്പിൽ കഴിയുന്നത്. കനത്ത മഴയിലും കാറ്റിലുംപെട്ട് ഇവരുടെ പുറമ്പോക്കിലെ കൂര പറന്ന് പോയതോടെയാണ് രാജു കുടുംബത്തോടൊപ്പം മണക്കാട് സ്‌കൂൾ ക്യാമ്പിലെത്തിയത്.
ഇതേ സ്‌കൂളിലെ നാലാം ക്ലാസിലാണ് രാജുവിന്റെ ഇളയ മകൾ മാനുഷ പഠിക്കുന്നത്. തെരുവ് സർക്കസുകാരായ രാജുവിൻറെ കുടുംബം 22 വർഷമായി ജീവിച്ച വരുന്ന കൂരയാണ് കാറ്റിലും മഴയിലുംപെട്ട് പൂർണമായും തകർന്നത്.
പ്രളയം ഇവിടെ ബാക്കിയാക്കിയത് കല്ല് കാലാക്കിയ ഒരു കട്ടിൽ മാത്രമാണ്. തിരിച്ചുപോകാനിടമില്ലാതെ ക്യാമ്പിൽ ഇരിക്കുകയാണ് മാനുഷയും കുടുംബവും. വിരൽ പിടിച്ച് ക്യാമ്പിൽ കൊണ്ട് വന്ന അച്ഛൻ തിരികെ വരുമെന്നതും കാത്തിരിക്കുകയാണ് മാനുഷ.