സഞ്ജു വി സാംസണിനെ തേടി ഒരു അപൂർവ്വ റെക്കോഡ്

20

ഇന്ത്യൻ ടീമിൽ കളിക്കാൻ ഏറെ കാത്തിരിപ്പിന് ശേഷം അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണിനെ തേടി അപൂർവ്വ റെക്കോഡ്. ഏറ്റവും കൂടുതൽ ടി20 മത്സരങ്ങളുടെ ഇടവേളക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായിരിക്കുന്നത്. 2015-ൽ സിംബാബ്വേക്കെതിരെയായിരുന്നു സഞ്ജു സാംസൺ ടി20യിൽ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. അന്ന് 19 റൺസെടുത്ത സഞ്ജുവിന് പിന്നീട് അവസരം ലഭിക്കുന്നത് നാല് വർഷങ്ങൾക്കു ശേഷം. ഇതിനിടെ ഇന്ത്യ 73 ടി20 മത്സരങ്ങൾ കളിച്ചിരുന്നു. ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ ഒറ്റയടിക്ക് നഷ്ടമായ ഇന്ത്യൻ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായിരിക്കുന്നത്.

നേരത്തെ 2012-18 കാലത്ത് 65ടി20 മത്സരങ്ങൾ നഷ്ടമായ ഉമേഷ് യാദവിന്റെ പേരിലായിരുന്നു ഇന്ത്യൻ റെക്കോഡ്. 2010-2017കാലത്ത് 56 മത്സരങ്ങൾ നഷ്ടമായ ദിനേശ് കാർത്തിക്കും നഷ്ടക്കണക്കിൽ മുന്നിലാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ നഷ്ടമായവരുടെ പട്ടികയിൽ സഞ്ജു നാലാമതാണ്. സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചാഹൽ എന്നിവർക്കാണ് മൂന്നാം ടി20യിൽ കളിക്കാൻ അവസരം ലഭിച്ചത്. ഇതിൽ മനീഷ് പാണ്ഡെക്ക് മാത്രമാണ് തിളങ്ങാനായത്. 18 പന്തിൽ 31 റൺസെടുത്ത് പുറത്താകാതെ നിന്ന പാണ്ഡെ ഏഞ്ചലോ മാത്യൂസിനെ പറന്ന് പിടിച്ച് പുറത്താക്കുകയും ചെയ്തു.

Advertisements

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടീമിലെത്തിയ സഞ്ജുവിന്റെ ഇന്നിംഗ്‌സിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്സ്. ആദ്യ പന്ത് സിക്‌സറടിച്ച സഞ്ജു രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ചാഹലിനാകട്ടെ ഒരു വിക്കറ്റു പോലും കിട്ടിയില്ല. 3 ഓവറിൽ 33 റൺ വിട്ടു കൊടുക്കുകയും ചെയ്തു.

Advertisement