അട്ടപ്പാടി: മഴക്കെടുതിയുടെ ആശങ്കയ്ക്കിടയിലും കേരള ജനതയുടെ മനം നിറയ്ക്കുന്ന കാഴ്ച. അട്ടപ്പാടി അഗളിയിലെ തുരുത്തിൽ കുടുങ്ങിയ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെയും എട്ടുമാസം ഗർഭിണിയായ അമ്മയേയും രക്ഷപ്പെടുത്തി.
ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പൊലീസും ചേർന്നാണ് ഇവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് കുറുകെ കയർ കെട്ടിയ ശേഷം ഇവരെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിനെ കയർ കൊണ്ട് ബന്ധിപ്പിച്ച ശേഷം കുട്ടിയെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർത്താണ് രക്ഷപ്പെടുത്തിയത്. അതിനുപിന്നാലെ ഗർഭിണിയായ ലാവണ്യയേയും കയർ ബന്ധിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
മറുകരയിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ സജ്ജമായിരുന്നു. ഇവർ എത്തിയയുടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഭവാനിപ്പുഴ രണ്ടായി തിരിയുന്ന അട്ടപ്പാടി പട്ടിമാളം കോണർ തുരുത്തിൽ ഇവരുടെ കുടുംബം കുടുങ്ങുകയായിരുന്നു.
ആദ്യം അറുപതുകാരിയായ പഴനിയമ്മയെ നാട്ടുകാരും പൊലീസും അഗ്നി രക്ഷസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ശേഷം ഇവരുടെ മകനായ മുരുകേശനും പേരക്കുട്ടി മൈനയേയും രക്ഷപ്പെടുത്തുകയായിരുന്നു.