ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിക്ക് മാന്യമായി ഒഴിയാൻ അവസരം നൽകിയ ശേഷമാണ് ബിസിസിഐ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് റിപ്പോർട്ട്. 48 മണിക്കൂറിനുള്ളിൽ ക്യാപ്റ്റൻസി വിടാൻ ബിസിസിഐ അന്ത്യശാസനം നൽകിയെങ്കിലും കോഹ്ലി വഴങ്ങിയില്ല.
തുടർന്നാണ് നിഷ്‌കരുണം പുറത്താക്കാൻ ബിസിസിഐ തീരുമാനിച്ചത്. നിശ്ചിത ഓവർ ക്രിക്കറ്റ് ടീമുകൾക്ക് രണ്ടു ക്യാപ്റ്റൻമാരെ വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ബിസിസിഐ. അടുത്ത വർഷം ടി20 ലോക കപ്പും 2023ൽ ഏകദിന ലോക കപ്പും നടക്കുന്ന സാഹചര്യത്തിൽ ഒരൊറ്റ ക്യാപ്റ്റനു കീഴിൽ ടീമിനെ അണിനിരത്തുന്നതിലാണ് ബിസിസിഐക്ക് താത്പര്യം.
ഏകദിനത്തിൽ മികച്ച വിജയ ശരാശരിയുണ്ടെങ്കിലും ഐസിസി ട്രോഫി നേടാൻ സാധിക്കാത്ത കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തേണ്ടെന്ന് ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഒരു ഐസിസി ട്രോഫിയിലെങ്കിലും നേടണമെന്ന മോഹം മനസിലുള്ള കോഹ്ലി 2023 ലോക കപ്പു വരെ നായക പദവി നിലനിർത്താൻ അതിയായി ആഗ്രഹിച്ചു.
അതിനാലാണ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ കോഹ്ലി തയ്യാറാകാത്തത്. പക്ഷേ, ചാമ്പ്യൻസ് ട്രോഫിയിലും ടി20, ഏകദിന ലോക കപ്പുകളിലും ടീമിനെ നയിക്കാൻ അവസരം ലഭിച്ച കോഹ്ലിക്ക് ഇനിയൊരു ഊഴത്തിന് യോഗ്യതയില്ലെന്ന് ബിസിസിഐ വിലയിരുത്തുകയായിരുന്നു.
അതേ സമയം വിരാട് കോഹ്ലി ഇപ്പോഴും ടീമിന്റെ ലീഡർ തന്നെയാണെന്ന് ഇന്ത്യയുടെ പുതിയ ഏകദിന, ടി20 നായകൻ രോഹിത് ശർമ്മ പറഞ്ഞു. കോഹ്ലിയെ പോലൊരു ക്രിക്കറ്ററെ ആർക്കും മാറ്റിനിർത്താൻ ആവില്ലെന്നും അദ്ദേഹത്തിലെ ബാറ്ററെ ടീമിന് വേണമെന്നും രോഹിത് പറഞ്ഞു.
ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന ബോറിയ മജുംദാറിന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചപ്പോഴാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. കോഹ്ലിയുടെ കഴിവുള്ള ഒരു ബാറ്ററെ എല്ലായ്‌പ്പോഴും ഇന്ത്യൻ ടീമിനു വേണം. ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടയാൾ കൂടിയാണ് അദ്ദേഹം. ടി20 ഫോർമാറ്റിൽ 50ന് മുകളിൽ ബാറ്റിംഗ് ശരാശരിയെന്നത് അമ്പരപ്പിക്കുന്നതും ഒപ്പം യഥാർഥമല്ലെന്നും തോന്നിപ്പോവും.
ബുദ്ധിമുട്ടേറിയ ഒരുപാട് സാഹചര്യങ്ങളിൽ തന്റെ അനുഭവസമ്പത്തിലൂടെ അദ്ദേഹം ഇന്ത്യയെ മികച്ച ബാറ്റിംഗിലൂടെ രക്ഷിച്ചിട്ടുണ്ട്. ബാറ്റിംഗിലെ മികവ് കൊണ്ടു മാത്രമല്ല ഒരു ലീഡറെന്ന നിലയിലും കോഹ്ലിയെ ഇന്ത്യക്കു വേണം. ഇപ്പോഴും അദ്ദേഹം ലീഡർ തന്നെയാണ്. ഈ കാര്യങ്ങളെല്ലാം ചേർത്തു വയ്ക്കുമ്പോൾ കോഹ്ലിയെ മിസ്സ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കില്ല.
ഇങ്ങനെയൊരു ക്രിക്കറ്ററെ നിങ്ങൾക്കു അവഗണിക്കാനും സാധിക്കില്ല. അതിനാലാണ് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം കോഹ്ലി വളരെ പ്രധാനപ്പെട്ടയാളാണെന്നു ഞാൻ പറയുന്നത് എന്നും രോഹിത് പറഞ്ഞു. അതേ സമയം ഇന്ത്യൻ ടീമിന്റെ ഏകദിന നായക സ്ഥാനത്തു നിന്ന് നീക്കിയതിൽ വിരാട് കോഹ്ലി അസംതൃപ്തനാണെന്ന് റിപ്പോർട്ടുകൾ.