തൊടുപുഴ: ശാന്തന്‍പാറ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. തെളിവ് നശിപപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനും വസീം നടത്തിയത് ദൃശ്യം സിനിമയെ വെല്ലും നീക്കങ്ങള്‍. റിജോഷിനെ ഇല്ലാതാക്കിയ ശേഷം മൃതദേഹം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചാല്‍ അന്വേഷണം എളുപ്പത്തില്‍ തന്നിലേക്ക് എത്തുമെന്ന് വസീം മുന്‍കൂട്ടി കണ്ടു.
തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്ന് കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് മറ്റാരും കാണാത്ത വിധത്തില്‍ മണ്ണിട്ട് മൂടി. പിന്നീട് വസീം ജെസിബി ഓപ്പറേറ്ററെ വിളിച്ചു. കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി കുറച്ച് മണ്ണുകൂടിയിട്ട് കുഴി മൂടണമെന്നും പറഞ്ഞു. യാതൊരു സംശയത്തിനും വഴി കൊടുക്കാതെയായിരുന്നു നസീമിന്റെ ഇടപെടല്‍. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണില്‍ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള്‍ വിളിപ്പിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരില്‍ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്റെ സഹോദരനും ഒരാള്‍ സഹോദരന്റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.
റിജോഷിനെ ഇല്ലാതാക്കിയത് താനാണെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വസീം വീഡിയോ സന്ദേശത്തില്‍ പറയുന്നു. തന്റെ സഹോദരനാണ് വസീം വീഡിയോ സന്ദേശം അയച്ചത്. ഇത് പോലീസിന് കൈമാറുകയായിരുന്നു.
ഇടുക്കി രാജാക്കാടു നിന്നും ഒരാഴ്ച മുമ്പാണ് യുവാവിനെ കാണാതാകുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് സ്വകാര്യ റിസോര്‍ട്ടിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിക്ക് സമീപം മഷ്‌റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
റിജോഷിന്റെ ഭാര്യ ലിജി (29), റിസോര്‍ട്ടിന്റെ മാനേജര്‍ തൃശൂര്‍ സ്വദേശി വസീം(31) എന്നിവരെ നവംബര്‍ മുതല്‍ കാണാനില്ലായിരുന്നു. ഇരുവരും ചേര്‍ന്ന് റിജോഷിനെ ഇല്ലാതാക്കിയതായി പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. എന്നാല്‍, വസീമും ലിജിയും എവിടെയെന്നതു സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജേഷിനെ കാണാതായത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനെയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി.
ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിന് സമീപം കുഴിയെടുത്തതായി കണ്ടെത്തിയത്. ഇത് കുഴിച്ചു നോക്കിയപ്പോള്‍. ചാക്കില്‍ കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പാതി കത്തിച്ച ശേഷമാണ് കുഴിച്ചിട്ടത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.