നിലമ്പൂരിൽ വൻ ഉരുൾ പൊട്ടൽ, മല രണ്ടായി പിളർന്ന് മണ്ണിനടിയിൽ പെട്ട് 60 പേരെ കാണാതായി, 30 ഓളം വീടുകലും മണ്ണിനടിയിൽ

124

മലപ്പുറം: നിലമ്പൂർ പോത്തുകല്ല് ഭുദാനം മുത്തപ്പൻ മല ഉരുൾപൊട്ടലിൽ രണ്ടായി പിളർന്ന് മണ്ണിനടിയിൽ പെട്ട് 60 പേരെ കാണാതായി. രണ്ട് പേരെ രക്ഷിച്ചു. സമീപത്തെ പാതാറിൽ ഉരുൾപൊട്ടി. ഏഴുപേർ മണ്ണിനടിയിൽ പെട്ടു. മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാലുപേർ മണ്ണിനടിയിൽപെട്ട് മരിച്ചു. കനത്ത മഴ തുടരുന്ന എടവണ്ണയിൽ വീട് തകർന്നുവീണ് കുടുംബത്തിലെ നാലു പേർ മരിച്ചു.

കവളപ്പാറ തോടിനക്കരയും ഇക്കരയും രണ്ട് കോളനികളിലെ 30 വീടുകളാണ് മണ്ണിനടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴരയ്ക്കാണ് ആദ്യ ഉരുൾപൊട്ടിയത്. മല രണ്ടായി പിളർന്ന് വെള്ളം കുതിച്ചു പാഞ്ഞു. വീടുകളെല്ലാം മണ്ണിനടിയിലായി. അമ്പതേക്കറോളം പ്രദേശം മണ്ണിളകി മറിഞ്ഞ നിലയിലാണ്. കുറ്റൻ മരങ്ങളും പാറകളും പ്രദേശം മൂടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താനായത്. മല ഇടിയാൻ സാധ്യത കണ്ട് കോളനിയിലുള്ളവരെ മാറ്റാൻ പോയ ജയൻ അനീഷ് എന്നീ യുവാക്കളും ഉരുൾപൊട്ടലിൽ പെട്ടു. അനീഷ് മരിച്ചു. വാരിയെല്ല് തകർന്ന ജയൻ നിലമ്പുർ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisements

കവളപ്പാറ തോട് കരകവിഞ്ഞപ്പോൾ മലമുകളിലെ മുഹമ്മദിന്റെ വീട്ടിലേക്ക് കയറിയ ഗോപിയും ഒമ്പതംഗ കുടുംബവും ഉരുൾപൊട്ടലിൽ അകപ്പെട്ടു. ഗോപി മാത്രം രക്ഷപെട്ടു. മറ്റുള്ളവരെ കാണാനില്ല. മലപ്പുറത്ത് എട്ടിടത്ത് ഉരുൾപൊട്ടി. ആനമറിയിൽ ഉരുൾപൊട്ടലിൽ രണ്ടു പേരെ കാണാതായി. എടവണ്ണ കുട്ടശ്ശേരി ഉനൈസ് ഭാര്യ നുസ്രത് മക്കളായ സന, സാനിൽ എന്നിവരാണ് വീട് തകർന്ന് മരിച്ചത്. രണ്ട് കുട്ടികൾ പരിക്കോടെ രക്ഷപെട്ടു.

പഴയ വീട് മഴയിൽ ഇടിഞ്ഞേക്കുമെന്ന് ഭയന്ന് പണിതീരാറായ പുതിയ വീട്ടിൽ കിടന്ന കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. പുലർച്ചെ നാലിന് പുതിയ വീട് തകർന്ന് വീണപ്പോൾ വീട്ടിനുള്ളിലെ ആറുപേരും ഉറക്കത്തിലായിരുന്നു. ഉള്ളിൽ കുടങ്ങിയ എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേർ മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് മട്ടറബിടാവ് മലയിലും പൊന്ന്യാകുർശി വടക്കൻ മലയിലും വെട്ടത്തുർ മണ്ണാർ മലയിൽ നാലിടത്തും ഉരുൾപൊട്ടി. ആളപായമില്ല. വീടുകൾക്ക് കേടുപറ്റി.

അരീക്കോട് പാലത്തിലും സീതിഹാജി പാലത്തിലും ഗതാഗതം നിരോധിച്ചു. ചാലിയാറിൽ മലവെള്ളത്തിനൊപ്പം കുത്തിയൊഴുകുന്ന മരച്ചില്ലകൾ പാലത്തിൽ ഇടിക്കുന്നുണ്ട്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് ചാലിയാർ ഇരച്ചെത്തി. നിലമ്പൂർ, എടവണ്ണ, വാഴക്കാട് മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്, 5000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നു.

അരീക്കോട് ചാലിയർ പുഴയോട് ചേർന്നുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. രാത്രിയോടെ മഴയും വെള്ളത്തിന്റെ കയറ്റവും ശക്തമായതിനാൽ ആളുകളെ ഒഴിപ്പിച്ചു. തോണികളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നു. തൂത പുഴയിൽ വെള്ളം കയറി ആലിപറമ്പ് കാളിക്കടവ് ഭാഗത്തെ 21 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കീഴുപറമ്പ് എടശ്ശേരിക്കടവിൽ, ഒറ്റപ്പെട ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി.

Advertisement