ടീം ഇന്ത്യ അടുത്ത ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനുളള സാദ്ധ്യത വിരളമാകുന്നു. മത്സരവേദിയായി പാകസ്ഥാനെ തിരഞ്ഞെടുത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുക. ഇതോടെ ഇന്ത്യയ്ക്ക് ടൂർണമെന്റ് ബഹിഷ്കരിക്കുക മാത്രമാണ് മുന്നിലുളള മാർഗം.മത്സരത്തിന്റെ വേദി മാറ്റണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഘാടകരായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ ടൂർണമെന്റിൽ നിന്നും വിട്ടു നിൽക്കുക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളള വഴി. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി-20 ലോക കപ്പിനു ശേഷമായിരിക്കും ഏഷ്യാ കപ്പ്. വേദി മാറ്റണമെന്ന ആവശ്യത്തെ പാകിസ്ഥാനും ശക്തമായി എതിർക്കാനാണ് സാധ്യത.
നേരത്തെ ഈ വിഷയം പരിഗണനയിൽ വന്നപ്പോൾ തന്നെ പാകിസ്ഥാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാകിസ്ഥാനിൽ നിന്ന് വേദി മാറ്റുന്ന പ്രശ്നമില്ല എന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും അറിയിച്ചത്. കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇപ്പോഴത്തെ സാഹചര്യങ്ങൾ തുടരുകയും വേദി മാറ്റാൻ അധികൃതർ തയ്യാറാവാതിരിക്കുകയും ചെയ്താൽ ഇന്ത്യ പങ്കെടുക്കില്ല എന്ന കാര്യം ഉറപ്പാണ്. 2008 ൽ നടന്ന മുംബൈ ഭീകാരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ ഇതേവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. കശ്മീർ പ്രശ്നത്തിലൂടെ ഇനി ഇന്ത്യ പാകിസ്ഥാനിൽ കളിക്കുക എന്നത് വിദൂരമായ സ്വപ്നമാണ്.