കോഴിക്കോട്: ആദ്യ ഭർത്താവ് റോയ് തോമസിന്റെ സഹോദരി രെഞ്ചിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നെന്നും പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നെന്നും കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെയാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തിലെ പെൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചിരുന്നെന്നും ജോളി വെളിപ്പെടുത്തി.
ജോളി രണ്ടുതവണ ഗർഭഛിദ്രം നടത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതു പെൺകുട്ടികളായതുകൊണ്ടാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജോളി ഗർഭഛിദ്രം നടത്താൻ തിരഞ്ഞെടുത്ത ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ജോളിക്ക് വഴിവിട്ട രീതിയിലുള്ള ഒരുപാട് ബന്ധങ്ങളുണ്ടെന്ന വാർത്തകളാണ് അവസാനനിമിഷങ്ങളിൽ പുറത്തുവരുന്നത്. പെൺകുട്ടികളോട് വെറുപ്പ് പുലർത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. രെഞ്ചിയുടെ മകളുടെ വായിൽ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെൺകുട്ടിയേയും ജോളി കൊല്ലാൻ ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം, ജോളി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചേക്കുമെന്ന് ഭർത്താവ് ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ല. ജോളിയെ വിവാഹം ചെയ്യാൻ സിലിയുടെ സഹോദരൻ പ്രേരിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാൽ, ഒരു വർഷം കഴിഞ്ഞേ സാധിക്കൂ എന്ന് താൻ പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ ആ അന്ത്യചുംബന ഫോട്ടോയെന്നും ഷാജു പറഞ്ഞു.
ജോളി ഗർഭഛിദ്രം നടത്തിയതായി അറിവില്ലെന്നും ഗൈനക് സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ടെന്നും ഷാജു വ്യക്തമാക്കി. താൻ കുറ്റം സമ്മതിച്ചുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും ജോളിയുടെ കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്ബത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചു. അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം തിങ്കളാഴ്ച വൈകീട്ടോടെ വിട്ടയച്ചിരുന്നു.