ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ എന്ന മറവി രോഗമാണെന്ന പുതിയ വാദവുമായി ഡോക്ടമാർ

27

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ ജീവനെടുത്ത സംഭവത്തിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന പുതിയ വാദവുമായി ഡോക്ടർമാർ.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണ്ണമായും ഓർത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നും ഡോക്ടർമാർ പറയുന്നു.

Advertisements

ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോൾ സമ്മർദ്ദം ഒഴിയുമ്പോൾ പതിയെ ഓർത്തെടുക്കാനും കഴിഞ്ഞേക്കുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നു.

അപകടം നടന്ന മൂന്നാം തിയതി ജനറൽ ആശുപത്രിയിലെത്തിച്ച ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ കോളേജിൽ എത്താതെ കിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

എംബിബിഎസ് ബിരുദധാരിയായ ശ്രീറാം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് രക്തത്തിലെ ആൽക്കഹോളിന്റെ സാന്നിധ്യം കുറച്ച് കേസ് ദുർബലപ്പെടുത്താനാണെന്ന് ആക്ഷേപം അന്ന് തന്നെ ഉയർന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രക്തപരിശോധനാ ഫലവുമായിരുന്നു പുറത്തുവന്നത്. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിനായില്ലെന്നായിരുന്നു പരിശോധനാ ഫലം.

ഇക്കാരണം കൊണ്ട് മാത്രമാണ് ശ്രീറാമിന് കോടതി ജാമ്യം നൽകിയതും. ജാമ്യം നൽകിയെങ്കിലും നടപടി ക്രമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

കിംസ് ആശുപത്രിയിൽ അഡ്മിറ്റായി ഒൻപത് മണിക്കൂറുകൾക്ക് ശേഷമാണ് രക്തസാമ്പിളുകൾ പൊലീസ് എടുത്തത്. സർക്കാർ ഇടപെടലിന് പിന്നാലെയാണ് കിംസ് ആശുപത്രി അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ മജിസ്ട്രേറ്റ് നേരിട്ടെത്തി മൊഴിയെടുക്കുകയും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന കണ്ടെത്തിയതിനെ തുടർന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

എന്നാൽ ജയിലിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ 20ാം വാർഡിലെ സെൽറൂമിലേക്ക് മാറ്റി. പിന്നീട് ഇവിടെ നിന്ന് സർജിക്കൽ ഐ.സി.യുവിലേക്കും ട്രോമ ഐ.സി.യുവിലേക്കും മാറ്റി.

ശ്രീറാം വെങ്കിട്ടരാമന് ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ട്രോമാ ഐ.സി.യുവിൽ നിന്ന് നിലവിൽ ന്യൂറോ സർജറി നിരീക്ഷണ വാർഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ ഇപ്പോൾ മാറ്റിയിട്ടുള്ളത്. മെഡിക്കൽ സൗകര്യങ്ങളുപയോഗിച്ച് കേസിനെ അട്ടിമറിക്കാൻ ശ്രീറാം ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് അദ്ദേഹത്തിന് മറവിരോഗം കൂടി പിടിപ്പെട്ടെന്ന വാദവുമായി ഡോക്ടമാർ രംഗത്തെത്തിയത്.

Advertisement