പെനാൽറ്റി ഷൂട്ടൗട്ടിൽ കോളംബിയയെ തറപറ്റിച്ച് അർജന്റീന കോപ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. കാൽപന്തുകളിയിലെ കരുത്തരായ ബ്രസീൽ ആണ് ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ. സെമിയിൽ പെറുവിനെ തോൽപ്പിച്ചാണ് ബ്രസീൽ ഫൈനൽ ബർത്ത് നേടിയത്.
അതേ സമയം ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുമുള്ള ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ കമന്റിന് കിടിലൻ മറുപടി നൽകി അർജന്റീനിയൻ ക്യാപ്റ്റനും ലോക സൂപ്പർ താരവുമയ ലെയണൽ മെസി. എല്ലാവരും ഫൈനലിൽ കളിക്കാൻ ഇറങ്ങുന്നത് വിജയിക്കാൻ വേണ്ടിയാണ് എന്നായിരുന്നു മെസ്സി പറഞ്ഞത്.
മെസ്സിയുടെ വാക്കുകൾ ഇങ്ങനെ:
നെയ്മർ പറഞ്ഞത് ഞാൻ അറിഞ്ഞു. നല്ല കുട്ടി ആയതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഫൈനലിൽ എല്ലാവരും വിജയിക്കാൻ വേണ്ടിയാണ് ഇറങ്ങുന്നത്. ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ പ്രയാസമുള്ള ഗ്രൂപ്പിൽ ആയിരുന്നു അർജന്റീന.
എന്നിട്ടും പോസിറ്റീവ് ആയി കളിക്കാൻ കഴിഞ്ഞു. ഇത്തവണ ഫൈനലിലും എത്തി. എല്ലാ സമയത്തുള്ളതിനേക്കാളും ആവേശത്തിലാണ് ഈ ഫൈനലിനെ നോക്കി കാണുന്നത് എന്നായിരുന്നു മെസ്സി പറഞ്ഞത്. പെറുവിനെ തേൽപ്പിച്ച് കോപ്പ അമേരിക്കയുടെ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് തങ്ങൾക്ക് അർജന്റീനയെ എതിരാളിയായി വേണമെന്ന് നെയ്മർ പറഞ്ഞത്.
അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട് എന്നാണ് ഇതിന് കാരണമായി നെയ്മർ ചൂട്ടിക്കാട്ടിയത്.
അതേ സമയം സെമി ഫൈനലിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന കോപ്പ അമേരിക്കയുടെ ഫൈനലിൽ കടന്നത്.
ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അർജന്റീന മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.