ഐസിസി റാങ്കിംഗിലും ജസ്പ്രിത് ഭുംറയുടെ കുതിപ്പ്: അമ്പരന്ന് ക്രിക്കറ്റ് ലോകം

45

കരിയർ ബെസ്റ്റ് നേട്ടവുമായി ഇന്ത്യൻ പേസർ ജസ്പ്രിത് ഭുംറ ഐസിസി ടെസ്റ്റ് റാങ്കിംഗിലും മുന്നേറുന്നു. നാല് സ്ഥാനം മുന്നോട്ട് കയറി നിലവിൽ മൂന്നാം സ്ഥാനത്താണ് ഭുംറയിപ്പോൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി വെസ്റ്റിൻഡീസ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഭുംറയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്.

വെസ്റ്റിൻഡീസ് പരമ്പരയിൽ 13 വിക്കറ്റുകളാണ് 9.23 ശരാശരിയിൽ ഭുംറ സ്വന്തമാക്കിയത്. ഈ പ്രകടനമാണ് ഭുംറയെ റാങ്കിംഗിൽ ഉയരാൻ സഹായിച്ചത്. 835 പോയിന്റാണ് ജസ്പ്രിത് ഭുംറ ടെസ്റ്റ് റാങ്കിംഗിൽ സ്വന്തമാക്കിയിട്ടുളളത്. 908 പോയിന്റുളള ഓസ്ട്രേലിയൻ പേസർ പാത്ത് കമ്മിൻസനാണ് ഒന്നാം സ്ഥാനത്ത്. 851 പോയിന്റുമായി റബാഡ രണ്ടാം സ്ഥാനത്തുമുണ്ട്.

Advertisements

ആദ്യ 10 സ്ഥാനത്തുളള ഏക ഇന്ത്യൻ താരം ഭുംറയാണ്. 11ാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും 14ാം സ്ഥാനത്ത് രവിചന്ദ്ര അശ്വിനും ഇടംപിടിച്ചു. ഷമി 18ാം റാങ്കും ഇഷാന്ത് ശർമ്മ 20ാം റാങ്കിലും ഉണ്ട്.അതെസമയം ബാറ്റ്സ്മാൻമാരുടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് തിരിച്ചുപിടിച്ചു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് സ്റ്റീവ് സ്മിത്ത് ഏറ്റവും പുതിയ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഒരു വർഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ സ്മിത്തിന് ഇരട്ടി മധുരമായി മാറി ഈ നേട്ടം.

പുതിയ റാങ്കിംഗിൽ 904 പോയന്റാണ് സ്മിത്തിന് ഉളളത്. കോഹ്ലിയാകട്ടെ ഒരു പോയിന്റ് പുറകിലാണ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാതിരുന്നതാണ് കോഹ്ലിയ്ക്ക് തിരിച്ചടിയായത്. സ്മിത്താകട്ടെ ആദ്യ രണ്ട് ആഷസ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Advertisement