ധോണിയുടെ റെക്കോർഡ് തകർത്ത് കോഹ്‌ലി, വിൻഡീസിൽ ടെസ്റ്റ് പരമ്പര തൂത്തുവാരി

12

വിൻഡീസിന് എതിരായ പരമ്പര നേട്ടത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങൾ സ്വന്തമാക്കുന്ന ഇന്ത്യൻ നായകനെന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കി.

കിംഗ്സ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയിൽ കോഹ് ലിയുടെ പേരിൽ 28 ജയങ്ങളായി.
കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 48 ടെസ്റ്റ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റിൽ 27 ജയങ്ങൾ എന്ന എംഎസ് ധോണിയുടെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്.

Advertisements

കോഹ്‌ലിയുടെ 28 ടെസ്റ്റ് ജയങ്ങളിൽ 13 എണ്ണം ഇന്ത്യക്ക് പുറത്താണെന്ന പ്രത്യേകതയുമുണ്ട്. 2014ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് കോലി ടെസ്റ്റ് ടീം നായകപദവി ഏറ്റെടുത്തത്. കോലി നായകനായ 10 ടെസ്റ്റിൽ ഇന്ത്യ തോറ്റപ്പോൾ പത്തെണ്ണം എണ്ണം സമനിലയായി.

കിംഗ്സ്റ്റൺ ടെസ്റ്റിൽ 257 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ വച്ചുനീട്ടിയ 468 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 210 റൺസിന് ഓൾ ഔട്ടായി. 50 റൺസെടുത്ത ബ്രൂക്ക്‌സും 23 റൺസുമായി പരിക്കേറ്റ് മടങ്ങിയ ബ്രാവോയും 38 റൺസെടുത്ത ബ്ലാക്ക്വുഡും 39 റൺസെടുത്ത ഹോൾഡറും മാത്രമാണ് പിടിച്ചുനിന്നത്.

ജയത്തോടെ ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി. രണ്ട് തുടർ ജയങ്ങളോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് 120 പോയിന്റായി.

Advertisement