വില്ലനും രക്ഷകനുമായി സഞ്ജു വി സാംസൺ, പരമ്പരയിലെ താരം സർപ്രൈസ്

25

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ന്യൂസിലൻഡിനെതിരെ ടി20 പരമ്പര അവസാനിച്ചപ്പോൾ ആനന്ദ ലഹരിയിലാണ്. ന്യൂസിലൻഡിനെ അവരുടെ നാട്ടിൽ ഇന്ത്യ വൈറ്റ് വാഷ് ചെയ്യുമെന്ന് ക്രിക്കറ്റ് പ്രേമികൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. അതും ഒരു ടി20 പരമ്പരയിൽ. അവസാന രണ്ട് മത്സരത്തിൽ യുവതാരങ്ങളെ വെച്ച് പരീക്ഷിച്ചിട്ട് കൂടി ന്യൂസിലൻഡിന് ഇന്ത്യയെ മറികടക്കാനായില്ലെന്ന് അവരെ സംബന്ധിച്ച് വലിയ നാണക്കേടാണ്.

പരമ്പര ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഒട്ടേറെ തിരിച്ചറിവുകളും പാഠങ്ങളും നൽകിയാണ് അവസാനിച്ചത്. ടൂർണമെന്റിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ യുവ ഓപ്പണർ കെഎൽ രാഹുലാണ്. ബാറ്റ് കൊണ്ട് അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച രാഹുൽ വിക്കറ്റിന് പിന്നിലും ഗ്ലൗസ് അണിഞ്ഞ് തരക്കേടില്ലാത്ത മത്സരവീര്യം പുറത്തെടുത്തു.

Advertisements

അഞ്ച് മത്സരങ്ങളിൽ രണ്ട് അർധ സെഞ്ച്വറി കണ്ടെത്തിയ രാഹുൽ മറ്റ് മൂന്ന് മത്സരങ്ങളിലും തരക്കേടില്ലാത്ത ഇന്നിംഗ്സാണ് പുറത്തെടുത്തത്. രണ്ട് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയപ്പോഴും ഇന്ത്യയുടെ ജയത്തിന് ചുക്കാൻ പിടിയ്ക്കാൻ രാഹുലിനായി. 56, 57നോട്ടൗട്ട്, 27, 39, 45 എന്നിങ്ങനെയാണ് രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്ന സ്‌കോർ. കൂടാതെ മൂന്ന് ക്യാച്ചും ഒരു സ്റ്റംമ്പിംഗും കീപ്പറെന്ന നിലയിൽ രാഹുൽ സ്വന്തമാക്കി.

അതെസമയം രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ് ബാറ്റുകൊണ്ട് അവസരം മുതലാക്കാനായില്ല. നാലാം ടി20യിൽ അഞ്ച് റൺസിന് പുറത്തായ സാംസൺ അഞ്ചാം ടി20യിൽ വെറും രണ്ട് റൺസാണ് എടുത്തത്. എന്നാൽ ഫീൽഡിംഗിൽ ചില ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച്ചവെക്കാൻ മലയാളി താരത്തിനായി. അവസാന മത്സരത്തിൽ കിവീസ് ഉറപ്പിച്ച ഒരു സിക്സ് അവിശ്വസനീയമായ രീതിയിൽ തട്ടിയറ്റി സഞ്ജു ഞെട്ടിച്ചിരുന്നു. ഇതാണ് അഞ്ച് റൺസിന് മാത്രം ഇന്ത്യ ജയിച്ച മത്സരത്തിൽ നിർണ്ണായകമായത്. നേരത്തെ മൂന്നാം ടി20യിൽ പകരക്കാരനായി ഇറങ്ങി സഞ്ജു ഒരു മനോഹര ക്യാച്ചും സ്വന്തമാക്കിയിരുന്നു.

അതെസമയം വരും പരമ്പരകളിൽ ടീം ഇന്ത്യ സഞ്ജുവിനെ ടീമിലെടുക്കുമോയെന്ന കാത്തിരുന്ന് തന്നെ കാണണം. അതിനുവേണ്ടിയുളള പ്രാർത്ഥനയിലാണ് ഇപ്പോൾ മലയാളി ക്രിക്കറ്റ് പ്രേമികൾ.

Advertisement