അഡ്ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്‌കോറായ ബ്രയാൻ ലാറയുടെ 400 റൺസ് റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള താരമാരെന്ന ചോദ്യത്തോട് പ്രതികരിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. അഡ്‌ലെയ്ഡിൽ നടക്കുന്ന പാക്കിസ്ഥാനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയശേഷം സംസാരിക്കുമ്പോഴാണ് വാർണർ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ താരം രോഹിത് ശർമയായിരിക്കും ഈ റെക്കോർഡ് തകർക്കുകയെന്ന് വാർണർ പറഞ്ഞു. ഏകദിനത്തിൽതന്നെ മൂന്ന് തവണ ഡബിൾ നേടിയിട്ടുള്ള താരമാണ് രോഹിത്. നിലവിൽ കളിക്കുന്ന താരങ്ങൾ കുറഞ്ഞ സമയംകൊണ്ട് വലിയ സ്‌കോർ ക്ഷമയോടെ നേടാനുള്ള ശേഷിയുള്ള ബാറ്റ്സ്മാൻ രോഹിത് ആണെന്നും വാർണർ പറഞ്ഞു.
ഇന്ത്യയുടെവെടിക്കെട്ട് ഓപ്പണർ രോഹിത് ശർമ്മ റെക്കോർഡ് തകർക്കുമെന്നാണ് വാർണറുടെ പ്രവചനം. ഓപ്പണറായി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയ താരമാണ് രോഹിത്. അഡ്ലെയ്ഡിൽ വാർണർ 335 റൺസിൽ നിൽക്കേ ഓസീസ് ഡിക്ലയർ ചെയ്യാൻ നായകൻ ടിം പെയ്ൻ തീരുമാനിക്കുകയായിരുന്നു. വാർണറെ റെക്കോർഡ് തകർക്കാൻ പെയ്ൻ മനപൂർവം അനുവദിക്കാതിരിക്കുകയായിരുന്നു എന്ന വിമർശനം ഇതോടെ ഉയർന്നു.
ലാറയുടെ റെക്കോർഡ് തകർക്കാനുള്ള അവസരം പെയ്ൻ നശിപ്പിച്ചു എന്നായിരുന്നു ഇതിഹാസ പേസർ ബ്രെറ്റ് ലീയുടെ പ്രതികരണം. 2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ പുറത്താകാതെ 400 റൺസെടുത്തത്. പാക് ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ച താരം 260 പന്തിൽ 200ഉം 389 പന്തിൽ 300ഉം തികച്ചു. 39 ബൗണ്ടറിയും ഒരു സിക്‌സും ഇതിനിടെ പറന്നു.
അഡ്‌ലെയ്ഡ് സ്റ്റേഡിയത്തിൽ പിറക്കുന്ന ആദ്യ ട്രിപ്പിൾ സെഞ്ചുറിയാണിത്. ടെസ്റ്റിൽ ഒരു ഓസീസ് താരം നേടുന്ന ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് വാർണർ കുറിച്ചത്. 380 റൺസ് നേടിയ ഇതിഹാസ ഓപ്പണർ മാത്യു ഹെയ്ഡൻ മാത്രമാണ് വാർണർക്ക് മുന്നിലുള്ളത്. 334 റൺസ് നേടിയ സർ ഡോൺ ബ്രാഡ്മാനെയും മുൻ നായകൻ മാർക് ടെയ്‌ലറെയും വാർണർ പിന്നിലാക്കിയിരുന്നു.