മലയാളിയുവാവ് വൻ തുകയുമായി മുങ്ങി; സഹായ അഭ്യർത്ഥനയുമായി നിലയില്ലാക്കയത്തിലായ ബഹ്റൈൻ പൗരൻ

39

മനാമ: വ്യവസായിയായ ബഹ്റൈനിയെ വഞ്ചിച്ച് 47,000 ദിനാറുമായി മലയാളി മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ വടകര, മണിയൂർ സ്വദേശി സുനിലാബിനെതിരെ ബഹ്റൈനിൽ പോലീസിൽ പരാതി നൽകിയതായി ബഹ്റൈനിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖമ്പർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വന്തം സഹോദരനെപ്പോലെയാണ് തന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ പർച്ചേസ് മാനേജരായി ജോലി ചെയ്തിരുന്ന മലയാളിയെ താൻ കണ്ടിട്ടുള്ളതെന്നും നൂറുകണക്കിനു മലയാളികൾ തന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും യാസർ പറഞ്ഞു. താൻ ചതിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് യാസർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അയാൾ നാട്ടിലേക്കു കടന്നുകളഞ്ഞിരുന്നു.

Advertisements

മറ്റ് ഇന്ത്യക്കാർക്ക് കൂടി ചീത്തപ്പേരുണ്ടാക്കാത്ത വിധത്തിൽ ഈ വ്യക്തിയെ കണ്ടെത്താൻ സഹായിക്കണമെന്നും ബഹ്റൈൻ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നാട്ടിലേക്ക് കടന്നുകളഞ്ഞ മലയാളി കാരണം സാമ്പത്തികമായി നിലയില്ലാക്കയത്തിൽ അകപ്പെട്ടിരിക്കുന്ന താനും കുടുംബവും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും വാർത്താ സമ്മേളനത്തിൽ യാസർ അറിയിച്ചു. 2016ലാണ് യാസർ ഈസാ ടൗണിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. ഈ മലയാളിയാണ് ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്.

പിന്നീട് മനാമയിൽ ഇതിന്റെ ഒരു ബ്രാഞ്ചും തുടങ്ങിയിരുന്നു. യാസർ ഒപ്പിട്ട പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയായിരുന്നു ഈ സ്ഥാപനങ്ങളിലേക്കുള്ള മെറ്റീരിയലുകൾ വാങ്ങിയിരുന്നത്. ആദ്യ മൂന്നു വർഷം കച്ചവടം നന്നായി മുന്നോട്ടു പോയിരുന്നു. എന്നാൽ പിന്നീട് ഒരിക്കൽ താൻ ഒപ്പിട്ടു നൽകിയ ഒരു ചെക്ക് ബാങ്കിൽനിന്നു മടങ്ങിയതിനെ തുടർന്ന് ഒപ്പിട്ട ചെക്കുകളടക്കം എല്ലാ ചെക്കു ബുക്കുകളും തിരിച്ചേൽപ്പിക്കാൻ യാസർ ഇയാളോടു പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ മെയ് മാസത്തിൽ ഇയാൾ നാട്ടിലേക്കു മുങ്ങുകയായിരുന്നു. താൻ ഒപ്പിട്ടു നൽകിയ 47,000 ദിനാറിന്റെ ചെക്കുകൾ നൽകി വിവിധ സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി ചുരുങ്ങിയ വിലയിൽ വിറ്റ് ആ തുകയുമായാണ് ഇയാൾ മുങ്ങിയത്. കൂടാതെ കടയിലുള്ള നിരവധി വിലപിടിപ്പുള്ള മെറ്റീരിയലുകളും ഇയാൾ വിറ്റഴിച്ചിരുന്നു. പിന്നീട് കേരളത്തിലുള്ള തന്റെ സുഹൃത്തുക്കൾ വഴി ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ നാട്ടിലില്ലെന്ന വിവരമാണ് ലഭിച്ചത്.

മാത്രമല്ല ഇയാളുടെ ബന്ധു തന്നെ ഭീഷണിപ്പെടുത്തിയതായും യാസർ പറയുന്നു. ഇതേ തുടർന്നാണ് താൻ ബഹ്റൈൻ പോലീസിൽ പരാതിപ്പെട്ടത്. തനിക്കു നൽകാനുള്ള തുക തവണകളായി തന്നാൽ മതിയെന്നും ഇനിയും അയാൾക്കു മാപ്പു നൽകാൻ പോലും തയ്യാറാണെന്നും യാസർ പറയുന്നു. നിരവധി ഇന്ത്യക്കാരുടെ ബിസിനസ് പങ്കാളിയും ഉടമയും ആശ്രിതനും ആയി നിലകൊള്ളുന്ന യാസറിനൊപ്പം നിലകൊള്ളേണ്ടത് പ്രവാസ ലോകത്തു വിശ്വാസ്യതയും സത്യസന്ധതയും കാത്തു സൂക്ഷിച്ചു വരുന്ന മലയാളികളുടെ എല്ലാം തന്നെ ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരുടെ കൂടി നിലനില്പിന്റെ പ്രശ്‌നമായതിനാൽ എല്ലാ വിധ പിന്തുണയും നൽകി ഏവരും കൂടെ നിൽക്കണമെന്നും വിഷയത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യാസർ മുഹമ്മദ് ഖംബർ, ചെമ്പൻ ജലാൽ, നൂറുദ്ധീൻ ഖാദർ, അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement